നീരാളി വിഭവം കഴിച്ചു, ചിത്രം പങ്കുവെച്ചു; പിന്നാലെ തോക്കുധാരികളെത്തി മോഡലിനെ വെടിവെച്ചുകൊന്നു
ക്വിറ്റോ: മുൻ മിസ് ഇക്വഡോറും മോഡലും ഇൻഫ്ലുവൻസറുമായ 23കാരി കൊല്ലപ്പെട്ടു. ലാൻഡി പരാഗ ഗോയ്ബുറോ ആണ് വെടിയേറ്റ് മരിച്ചത്. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രം യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലൊക്കേഷനും പരാമർശിച്ചിരുന്നു. പിന്നാലെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്.
റെസ്റ്റോറന്‍റിലെ പ്രശസ്തമായ നീരാളി വിഭവമായ ‘ഒക്ടോപസ് സെവിച്ച്’ കഴിക്കുന്നതിനിടെയാണ് ആയുധധാരികളായ രണ്ട് ആളുകൾ എത്തിയത്. ലാൻഡി പരാഗ ഗോയ്ബുറോ ഇരിക്കുന്ന ഹോട്ടലിലേക്ക് രണ്ട് അജ്ഞാത തോക്കുധാരികൾ ഇരച്ചുകയറിയുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. മറ്റൊരാളുമായി സംസാരിക്കുകയായിരുന്ന ലാൻഡിക്കു നേരെ തോക്കുധാരികൾ വെടിയുതിർത്തു. അക്രമികൾ ഉടനെ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
കൊലപാതകത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ലഹരിക്കടത്തുകാരനുമായി ലാൻഡിക്ക് ബന്ധമുണ്ടെന്നും ഇതാണ് കൊലയ്ക്ക് കാരണമെന്നുമാണ് ഒരു അഭ്യൂഹം. ഈ ലഹരിക്കടത്തുകാരന്‍റെ ഭാര്യയാണ് കൊലയ്ക്ക് പിന്നിൽ എന്നും ആരോപണമുണ്ട്.