യാത്രയ്ക്കിടെ രാത്രി താഴ്ചയിലേക്ക് കാർ മറിഞ്ഞു; പുഴയിൽ വീണ യുവതി ഒഴുകിയെത്തിയത് ആശുപത്രി വളപ്പിലേക്ക്

ചെറുതോണി: 70 മീറ്ററോളം താഴ്ചയിലേക്കു കാർ മറിഞ്ഞു, പരിഭ്രാന്തിയിൽ കാറിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാലുതെറ്റി പുഴയിൽ വീണു, 100 മീറ്ററോളം ഒഴുകിയശേഷം പുല്ലിൽ പിടിച്ചു രക്ഷപ്പെട്ടു. ചെറുതോണി സ്വദേശിനി അനു മഹേശ്വരൻ വ്യാഴാഴ്ച രാത്രി സഞ്ചരിച്ചത് ജീവനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ. 

തങ്കമണിയിൽനിന്നു ചെറുതോണിയിലെ വീട്ടിലേക്കു പോവുകയായിരുന്ന അനു ഓടിച്ചിരുന്ന കാർ മരിയാപുരത്തിനു സമീപമാണു വ്യാഴാഴ്ച രാത്രി 7.30ന് അപകടത്തിൽപെട്ടത്. കാറിൽ മറ്റാരുമില്ലായിരുന്നു. എതിർദിശയിൽനിന്ന് അമിത വേഗത്തിലെത്തിയ വാഹനത്തിൽ ഇടിക്കാതെ കാർ വെട്ടിച്ചതോടെ നിയന്ത്രണം വിട്ടു പുഴയോരത്തേക്കു കാർ പലവട്ടം മറിഞ്ഞു വീണു. കാറിൽനിന്ന് ഒരുവിധത്തിൽ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്കു വീണത്.

ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം തോട്ടിലൂടെ ഒഴുകിയെങ്കിലും തോട്ടിലെ പുല്ലിൽ പിടിച്ചു കരകയറിയ അനു ചെന്നെത്തിയത് മരിയാപുരം പിഎച്ച്സിയുടെ പിന്നിലേക്കായിരുന്നു. തൃശൂർ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു.

കഴിഞ്ഞ ദിവസം കോട്ടയത്തും കനത്ത മഴയിൽ വഴി തെറ്റിയ കാർ തോട്ടിലേക്ക് മറിഞ്ഞിരുന്നു. പാറേച്ചാലിൽ കാർ തോട്ടിൽ വീണു. കുമ്പനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നാല് മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം നാല് പേരെ നാട്ടുകാർ രക്ഷിച്ചു. എറണാകുളത്തുനിന്നും തിരുവല്ലയിലേക്കുള്ള യാത്രയിലായിരുന്നു അപകടത്തിൽപ്പെട്ട നാലാംഗ കുടുംബം.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഗൂഗിൾ മാപ്പ് നോക്കി എളുപ്പവഴിയിൽ വാഹനമോടിച്ച ഇവർക്ക് പാറച്ചാലിൽ എത്തിയപ്പോൾ വഴിതെറ്റി. പാലം കയറി സിമൻറ് കവലയിലേക്ക് പോകണ്ട വാഹനം നേരെ പുത്തൻതോട് ഭാഗത്തേക്ക് . വഴിയിൽ വെള്ളം കയറി കിടന്നതിനാൽ തോട് തിരിച്ചറിയാൻ സാധിച്ചില്ല. ബോട്ട് ജെട്ടിക്ക് സമീപത്ത് എത്തിയതോടെ കാർ തോട്ടിലേക്ക് മറിഞ്ഞു.

കാർ തോട്ടിലേക്ക് പതിക്കുന്ന കണ്ട് ആളുകൾ അലറിവിളിച്ചപ്പോഴാണ് പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിറങ്ങിയത്. കാർ പൂർണമായും വെള്ളത്തിൽ മുങ്ങാത്തതും ഡോർ പെട്ടന്ന് തുറക്കാൻ സാധിച്ചതും രക്ഷപ്രവർത്തനം എളുപ്പമാക്കിയെന്നും ഇവർ പറയുന്നു. പുത്തൻതോട്ടിലേക്ക് മറിഞ്ഞ കാറ് കൈവഴിയിലേക്ക് ഒഴുക്കിൽപ്പെട്ട് നീങ്ങിയത് കൊണ്ടാണ് രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ സാധിച്ചത്.

തിരുവല്ല സ്വദേശിനിയായ ഡോക്ടറും അവരുടെ മകളും അമ്മയും സഹോദരനുമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Exit mobile version