തിരുവനന്തപുരം: വിഴിഞ്ഞം കാരയ്ക്കാട് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടന്നതായി കണ്ടെത്തി. പാര്‍ട്ടി നടത്തിപ്പുകാരില്‍ നിന്ന് എക്സൈസ് ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്. എം.ഡി.എം.എ, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെ മാരക ലഹരിവസ്തുക്കളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. പൂവാര്‍ ഐലന്‍ഡിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.
ഇന്നലെ രാത്രി മുതലാണ് റിസോര്‍ട്ടില്‍ ഡി.ജെ പാര്‍ട്ടി തുടങ്ങിയെതന്നാണ് വിവരം. പാര്‍ട്ടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. റേവ് പാര്‍ട്ടി നടന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് റെയ്ഡ് നടത്തി പാര്‍ട്ടി നടത്തിയവരെ പിടികൂടിയത്.
ആര്യനാട് സ്വദേശി അക്ഷയ മോഹനാണ് പാര്‍ട്ടി നടത്തിയത്. ഇയാള്‍ക്കൊപ്പം കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാനും പിടിയിലായിട്ടുണ്ട്. 50ഓളം പേരാണ് ഇന്നലെ രാത്രിയില്‍ തുടങ്ങിയ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഞായറാഴ്ച ഉച്ചവരെ പാര്‍ട്ടി നടന്നതായാണ് വിവരം.
പ്രവേശനത്തിനായി ഒരാളില്‍ നിന്ന് ആയിരം രൂപ വച്ച് വാങ്ങിയെന്നാണ് എക്സൈസ് പറയുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക നല്‍കിയെന്നാണ് പിടിയിലായവരുടെ മൊഴി. നിര്‍വാണ മ്യൂസിക് ഫെസ്റ്റിവെല്‍ എന്ന പേരിലായിരുന്നു പാര്‍ട്ടി നടത്തിയത്.
20ഓളം പേര്‍ ഇപ്പോഴും റിസോര്‍ട്ടിലുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ഇപ്പോഴും ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ബോധം മങ്ങിയ അവസ്ഥയിലാണ്. റിസോര്‍ട്ട് ഉടമയുടെ കൂടി ഒത്താശയോടെയാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. കൊച്ചിയില്‍ നടന്ന ലഹരി പാര്‍ട്ടിക്ക് സമാനമായി വിഴിഞ്ഞത്തും കോവളത്തും ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിക്കുകുയായിരുന്നു.