31.1 C
Kottayam
Tuesday, April 23, 2024

കര്‍ക്കടത്തില്‍ മുരിങ്ങയില വിഷമാകുന്നതെങ്ങനെ?

Must read

കൊച്ചി: കര്‍ക്കടക മാസത്തില്‍ മുരിങ്ങയില വിഷമയമാകും കഴിച്ചാല്‍ വലിയ അപകടം കാത്തിരിയ്ക്കുന്നു എന്ന തരത്തിലുള്ള വലിയ പ്രചാരണമാണ് സമൂഹമാധ്യമത്തില്‍ നടക്കുന്നത്. ഇതിനെ ശാസ്ത്രീയമായി പൊളിച്ചടുക്കി ഡോ.ഷിമ്‌ന അസീസ്.മാസം കര്‍ക്കിടകമാണോയെന്ന് അറിയാന്‍ മുരിങ്ങേടെ കയ്യില്‍ കലണ്ടറോ മഴമാപിനിയോ ഇല്ല എന്നും ഡോക്ടറുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം…

ശ്രദ്ധിക്കൂ കുട്ടികളേ,
കര്‍ക്കിടകത്തില്‍ മുരിങ്ങയില വിഷമയമാകും എന്നൊരു വാട്ട്സ്ആപ്പ് മെസേജ് കിട്ടിയോ? കിണറിന്റടുത്ത് മുരിങ്ങ വെക്കുന്നത് കിണറ്റിലെ വിഷം വലിച്ചെടുക്കാനുള്ള ജാംബവാന്റെ കാലത്തെ കൊടൂര ടെക്നോളജി ആണെന്നറിഞ്ഞ് നിങ്ങള്‍ ഞെട്ടിയോ? ഉണ്ടേലും ഇല്ലേലും ഇവിടെ കമോണ്‍.

ആദ്യത്തെ ചിത്രത്തില്‍ ബൊക്കേ പോലെ പിടിച്ചിരിക്കുന്ന സാധനമാണ് മുരിങ്ങയില അഥവാ Moringa oleifera ഇല. ഈ സാധനം ഒരു പാവം മരമാകുന്നു. എന്നാല്‍ കണക്ക് വെച്ച് നോക്കുമ്പോള്‍ ഇരുമ്പ്, പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, നാരുകള്‍ തുടങ്ങി പോഷകങ്ങളുടെ ഒരു രക്ഷേമില്ലാത്ത കലവറയാണ്. ഇതിലൊന്നും വാട്ട്സ്ആപ് മെസേജില്‍ ഉള്ള ‘സയനൈഡ്’ ഇല്ലല്ലോ എന്നാണോ ഓര്‍ത്തത്? അതില്ല, അത്ര തന്നെ.

ഇനി കര്‍ക്കിടകത്തില്‍ മാത്രം വിഷമുണ്ടാകുമോ? സോറി, മുരിങ്ങേടെ കൈയില്‍ കലണ്ടറോ മഴമാപിനിയോ ഇല്ല. കര്‍ക്കടകത്തിലെ മഴയാണോ പ്രളയമാണോ എന്നൊന്നും അതിന് മനസ്സിലാകുകയുമില്ല.

അതിനാല്‍ തന്നെ, വെളിച്ചെണ്ണ ചൂടാക്കി ചെറിയുള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഉപ്പുമിട്ട് മുരിങ്ങയില വഴറ്റി രണ്ട് മുട്ടയും പൊട്ടിച്ചൊഴിച്ച് ‘സ്‌ക്രാംബിള്‍ഡ് എഗ്ഗ് വിത്ത് മുരിങ്ങയില’ എന്ന ലോകോത്തര വിഭവം ടിഫിനില്‍ പാക്ക് ചെയ്ത് മക്കളെ സ്‌കൂളിലേക്ക് പറഞ്ഞ് വിട്ടിട്ടുണ്ട്. എന്റെ പങ്ക് നുമ്മടെ ചോറിന്റൊപ്പവുമുണ്ട്.

കൂടെ തേങ്ങയും വാളന്‍പുളിയും ചെറിയുള്ളിയും കറിവേപ്പും പച്ചമുളകും ഒരല്ലി വെളുത്തുള്ളിയും മുളക്പൊടീം ഒക്കെ ചേര്‍ത്തരച്ച ചമ്മന്തീം ഉണ്ട്. ഒരു വഴിക്ക് പോണതല്ലേ, ഇരിക്കട്ടെ.

മഴ കൊണ്ട് മുരിങ്ങക്ക് തളിരൊക്കെ വരുന്ന കാലമാണ്. വാട്ട്സാപ്പിനോട് പോവാമ്പ്ര, നിങ്ങള്‍ ധൈര്യായി കഴിക്കെന്ന്. ഇങ്ങനത്തെ മെസേജൊക്കെ പടച്ച് അയക്കുന്നവര്‍ ഓരോ മുരിങ്ങ തൈ വീതം നട്ട് മനുഷ്യന്‍മാര്‍ക്ക് ശരിക്കും ഉപകാരമുള്ള വല്ലതും കൂടി ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ.

അപ്പോ എല്ലാര്‍ക്കും,
ഹാപ്പി മുരിങ്ങ ഈറ്റിങ്ങ് ഡേ…

Dr.Shimna Azeez

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week