‘എന്റെ വീതിയെയും നീളത്തെയും കുറിച്ച് ആശങ്കപ്പെടേണ്ട’, വിമര്‍ശകന് മറുപടിയുമായി ഭാഗ്യ സുരേഷ്
കൊച്ചി:മലയാളികളുടെ പ്രിയനടൻ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് നേര്‍ക്ക് ബോഡി ഷെയ്‍മിംഗ്. യുബിസിയില്‍ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകള്‍ പങ്കുവെച്ചപ്പോഴാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഒരാള്‍ മോശം കമന്റുമായി എത്തിയത്. നീളത്തേയ്‍ക്കാള്‍ വണ്ണം കൂടിയവര്‍ക്ക് സാരി ചേരില്ല, പാശ്ചാത്യ വേഷമാണ് നല്ലത് എന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ ഇഷ്‍ടപ്പെടുന്ന വേഷം ഇനിയും താൻ ധരിക്കുമെന്നായിരുന്നു ഭാഗ്യയുടെ മറുപടി.
നിങ്ങള്‍ സാരി മാറ്റി പാശ്ചാത്യ വസ്‍ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിമര്‍ശകൻ അഭിപ്രായപ്പെട്ടത്. നീളത്തേയ്‍ക്കാള്‍ വീതി ഉള്ള ആള്‍ക്ക് സാരി ചേരുന്ന വസ്‍ത്രമല്ല. പാശ്ചാത്യ വസ്‍ത്രങ്ങളായ പാവാടയും ബ്ലൗസും താങ്കളെ ഒരുകൂടി സ്‍മാര്‍ട്ടാക്കും എന്നായിരുന്നു കമന്റ്. സാരി ധരിച്ചായിരുന്നു ഭാഗ്യ സുരേഷ് തന്റെ ബിരുദദാന ചടങ്ങിന് പങ്കെടുത്തത്.
രൂക്ഷമായ മറുപടിയുമായി സുരേഷ് ഗോപിയുടെ മകള്‍ എത്തി. ആരും ചോദിച്ചില്ലെങ്കിലും വിലയേറിയ അഭിപ്രായം താങ്കള്‍ അറിയിച്ചതിന് നന്ദി. എന്റെ വീതിയെയും നീളത്തെയും കുറിച്ച് താങ്കള്‍ ആശങ്കപ്പെടേണ്ട. എനിക്ക് യോജിച്ചത് എന്ന് എനിക്ക് തോന്നുന്നവ ഇനിയും ഞാൻ ധരിക്കും.
പാശ്ചാത്യരെപ്പോലെ ഇടപെടാൻ നിര്‍ബന്ധിതരാകുന്ന ഒരു രാജ്യത്ത് എന്റെ വേരുകളെ ബഹുമാനിക്കുന്ന തരത്തില്‍ കേരള പരമ്പരാഗത സാരിയാണ് എന്റെ ബിരുദദാന ചടങ്ങില്‍ ഞാൻ ധരിക്കാൻ ആഗ്രഹിച്ചത്. മറ്റുള്ളവരുടെ ശരീരത്തെയും വസ്‍ത്രങ്ങളെയും പറ്റി ആശങ്കപ്പെടാതെ സ്വന്തം കാര്യം നോക്കൂവെന്നുമാണ് ഭാഗ്യ സുരേഷ് എഴുതിയിരിക്കുന്നത്. ഭാഗ്യ സുരേഷിനെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തി.
പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കള്‍. സുരേഷ് ഗോപിയുടെ മകൻ മാധവും സിനിമയിലേക്ക് ‘കുമ്മാട്ടികളി’യിലൂടെ എത്തുകയാണ്. സുരേഷ് ഗോപിയുടേതായി ‘ഗരുഡൻ’ എന്ന ചിത്രമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബിജു മേനോനും ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നു.