ന്യൂഡൽഹി∙ ജെഎൻയുവിൽ രാത്രി വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നു വൈകിട്ട് 9 മണിക്ക് പ്രദർശിപ്പിക്കാനായിരുന്നു വിദ്യാർഥി യൂണിയന്റെ തീരുമാനം. യൂണിയൻ ഓഫിസിലേക്കുള്ള വൈദ്യുതി ബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്.
പ്രതിഷേധ സ്ഥലത്തേക്ക് കല്ലേറുണ്ടായി. എബിവിപി പ്രവർത്തകരാണ് കല്ല് എറിഞ്ഞതെന്ന് എസ്എഫ്ഐ പ്രവര്‍ത്തകർ ആരോപിച്ചു. കല്ലെറിഞ്ഞ വിദ്യാർഥിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ചിരിക്കുകയാണ്. വിദ്യാർഥികൾ ക്യാംപസ് കവാടത്തിൽ പ്രതിഷേധിക്കുന്നു.
പ്രദർശനം നിശ്ചയിച്ചിരുന്ന കമ്യൂണിറ്റി സെന്ററിൽ മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. കനത്ത പരിശോധനയ്ക്കുശേഷമാണ് സർവകലാശാലയിലേക്ക് ആളുകളെ കയറ്റിവിടുന്നത്. എന്നാൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് വിദ്യാർഥികൾ കൂട്ടമായി ഇരുന്ന് മൊബൈൽ ഫോണുകളിൽ ഡോക്യുമെന്ററി കണ്ടു.
ജെഎൻയുവിൽ പ്രദർശിപ്പിക്കുന്നതിന് സർവകലാശാലയുടെ അനുമതി ലഭിച്ചിരുന്നില്ല. പ്രദർശനം നടത്തിയാൽ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.