30.6 C
Kottayam
Thursday, April 18, 2024

ഭിന്നശേഷിക്കാര്‍ക്ക് ഇനി ശുഭയാത്ര: 3.3 കോടിയുടെ സ്‌കൂട്ടറുകള്‍ വാങ്ങുന്നു, 500 പേര്‍ക്ക് പുതിയ മുച്ചക്ര വാഹനങ്ങള്‍

Must read

 

തിരുവനന്തപുരം: ചലന പരിമിതി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് ചലനസ്വാതന്ത്ര്യം ഉറപ്പാക്കി സ്വയംപര്യാപ്തതയിലേക്കും അതുവഴി സമഗ്ര പുനരധിവാസത്തിലേക്കും നയിക്കുന്നതിലേക്കായി ആവിഷ്‌ക്കരിച്ച ശുഭയാത്ര പദ്ധതിയിലൂടെ 3.3 കോടി രൂപയുടെ സൈഡ് വീല്‍ സ്‌കൂട്ടറുകള്‍ വാങ്ങാന്‍ പര്‍ച്ചേസ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 500 ഓളം ഭിന്നശേഷിക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,000ത്തോളം പേര്‍ക്കാണ് ഇത്തരത്തില്‍ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

ഇ-ടെണ്ടര്‍ നടപടികളില്‍ ടെണ്ടര്‍ സമര്‍പ്പിച്ച 4 ബിഡുകളില്‍ നിന്ന് സാങ്കേതിക സമിതിയും ധനകാര്യ പരിശോധന സമിതിയും ശുപാര്‍ശ ചെയ്ത സ്ഥാപനത്തില്‍ നിന്ന് സ്‌കൂട്ടറുകള്‍ വാങ്ങുന്നതിനാണ് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോപ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് വകുപ്പുതല വാങ്ങല്‍ സമിതി (ഡി.പി.സി) അനുമതി നല്‍കിയത്. വാഹനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഗവര്‍മെന്റ് വിതരണമാണെന്നും ബാങ്കുകള്‍ക്കോ വ്യക്തികള്‍ക്കോ ഈടുവെക്കാനോ വില്‍ക്കാനോ പാടില്ല എന്നും ആര്‍.സി. ബുക്കില്‍ രേഖപ്പെടുത്തിയായിരിക്കും സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുക.

സംസ്ഥാനത്ത് ചലന പരിമിതിയുള്ള എല്ലാവര്‍ക്കും മുച്ചക്ര വാഹനം, വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സഹായ ഉപകരങ്ങള്‍ ലഭ്യമാക്കി സഞ്ചാര സ്വാതന്ത്യം ഉറപ്പ് വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇവരുടെ യാത്ര സുഗമമാക്കുന്നതിനാണ് സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖേന ശുഭയാത്ര പദ്ധതി നടപ്പിലാക്കി വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതി വിവിധ കോര്‍പറേഷനുകള്‍ ക്ഷേമ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലീകരിച്ച് കൂടുതല്‍ പേര്‍ക്ക് കൂടി മുച്ചക്ര വാഹനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week