കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിനു ഹൈക്കോടതിക്ക് മുമ്പാകെ സംവിധായകൻ ബൈജു കൊട്ടാരക്കര മാപ്പു പറഞ്ഞു. ബൈജു കൊട്ടാരക്കരയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിൽ മാപ്പു പറഞ്ഞത്. മാപ്പ് എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചു.
നടിക്ക് നീതിയൊരുക്കാനായി നിരന്തര ഇടപെടലാണ് ബൈജു കൊട്ടാരക്കര നടത്തിയത്. ഇതിനിടെ നടത്തിയ വിമർശനങ്ങളാണ് ഹൈക്കോടതി നടപടിക്ക് ആധാരം. വിചാരണ കോടതി മാറ്റാനുള്ള നീക്കങ്ങൾ ഫലം കണ്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് ബൈജു കൊട്ടരക്കരയുടെ വിമർശനങ്ങളിൽ ഹൈക്കോടതിയും ഇടപെടൽ നടത്തുന്നത്. കോടതിയലക്ഷ്യ ഹർജിയിൽ മാപ്പു പറയുന്നതാണ് നല്ലതെന്ന നിയമോപദേശം ബൈജു കൊട്ടാരക്കരയ്ക്ക് കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പു പറയുന്നത്. ഇതോടെ വിചാരണ കോടതി ജഡ്ജിക്കെതിരെ നടത്തിയ പ്രചരണമെല്ലാം വ്യാജമാമെന്നും തെളിഞ്ഞു.
ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ബൈജു കൊട്ടാരക്കരയോട് നിർദ്ദേശിച്ചിരുന്നു. നോട്ടിസ് ലഭിച്ചിട്ടും കക്ഷി നേരിട്ട് ഹാജരായില്ലെന്നു പറഞ്ഞ കോടതി അവസാന അവസരമായിരിക്കും ഇതെന്നു വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ബൈജു കൊട്ടാരക്കര കോടതിക്ക് മുമ്പിലെത്തിയത്. ജ്യൂഡീഷ്യറിയെ അപമാനിക്കുക തന്റെ ലക്ഷ്യമല്ലെന്നും പറഞ്ഞു. ജഡ്ജിയെ അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും വിശദീകരിച്ചു. നിരുപാധികമാണ് മാപ്പു പറയുന്നത്.
ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് നടത്തിയതെന്നു ഹൈക്കോടതി രജിസ്റ്റ്രാർ ജനറൽ നൽകിയ ഡ്രാഫ്റ്റ് ചാർജിൽ പറഞ്ഞിരുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് നടത്തിയത്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതുമാണെന്നും ചാർജിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ അടിമുടി ദുരൂഹതകളുടെ കെട്ടുകളാണെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു. വിചാരണ കോടതിയുടെ മുകളിൽ പൊതുജനങ്ങൾക്ക് മാത്രമല്ല നിയമവിദഗ്ദർക്ക് പോലും സംശയമാണ്.അങ്ങനെയുള്ള സാഹചര്യത്തിൽ കേസിൽ നിന്നും മാറി നിൽക്കാൻ അവർ സ്വയം തയ്യാറാകേണ്ടതാണ് വിചാരണ കോടതി ജഡ്ജി. അതുകൊണ്ട് തന്നെ ഈ കേസിലെ ഇപ്പോഴത്തെ നീക്കങ്ങളെ സംശയ ദൃഷ്ടിയോടെയെ കാണാൻ സാധിക്കൂവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു. കോടതി വിധിയെ വിമർശിക്കാം. എന്നാൽ ജഡ്ജിയെ വ്യക്തിപരമായി ആക്രമിക്കരുതെന്ന പൊതു തത്വമാണ് ഹൈക്കോടതി മുഖവിലയ്ക്കെടുത്ത് കേസെടുത്തത്. കടുത്ത നടപടികൾ ഒഴിവാക്കാൻ മാപ്പപേക്ഷയിലൂടെ ബൈജു കൊട്ടാരക്കരയ്ക്കും കഴിയും.
‘നടി ആക്രമിക്കപ്പെട്ട കേസിൽ എത്രയും പെട്ടെന്ന് വിധി പറയണമെന്നത് വിചാരണ കോടതിക്കാണ് വളരെ അത്യാവശ്യം. കേസിൽ താൻ തന്നെ വിധി പറയണമെന്നാണ് ഇപ്പോൾ വിചാരണ കോടതി ജഡ്ജി പറയുന്നത്. നിരവധി ആരോപണങ്ങൾ നേരിട്ടയാണ് വിചാരണ കോടതി ജഡ്ജി. എഫ്എസ്എൽ റിപ്പോർട്ട് പൂഴ്ത്തിവെച്ചതും കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതൊക്കെ കണ്ടതാണ്’. ‘എന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് ആക്സസ് ചെയ്യണമെങ്കിൽ എന്റെ സമ്മതം വേണ്ടേ? മെമ്മറി കാർഡ് വിഷയത്തിൽ ഒരു അന്വേഷണവും പ്രഖ്യാപിക്കാൻ വിചാരണ കോടതി തയ്യാറായിട്ടില്ല. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥർക്ക് വിചാരണ കോടതിയുടെ ശകാരവും’.-ഇങ്ങനെയുള്ള വിമർശനവുമായി കോടതിയെ ബൈജു കൊട്ടാരക്കര കടന്നാക്രമിച്ചിരുന്നു.