ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ദെപ്‌സാങ് സമതലങ്ങളിലെയും സംഘർഷകേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചുതുടങ്ങി.
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽനിന്ന് സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമുണ്ടാക്കിയ ധാരണയെത്തുടർന്നാണ് നടപടി. ഇന്ത്യയുടെയും ചൈനയുടെയും സൈന്യം ഈമാസം 29-നുള്ളിൽ ഡെംചോക്, ദെപ്‌സാങ് സംഘർഷകേന്ദ്രങ്ങളിൽനിന്ന് സൈനികോദ്യോഗസ്ഥരെ ഉപകരണങ്ങളടക്കം പിൻവലിക്കുമെന്നാണ് ധാരണ.
2020 ഏപ്രിലിന് മുൻപ് ഈ പ്രദേശങ്ങളിലുണ്ടായിരുന്ന അവസ്ഥയിലേക്ക് ഇരു രാജ്യങ്ങളുടെയും സൈന്യം തിരികെപ്പോകും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഈ പ്രദേശങ്ങളിൽ സൈനികതല കമാൻഡർമാർ തുടർച്ചയായി യോഗം ചേരുമെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
പരസ്പര ധാരണയോടെയാകും ചൈനയുടെയും ഇന്ത്യയുടെയും സൈന്യം ഇവിടങ്ങളിൽ പട്രോളിങ് നടത്തുക. ഇത് ആശയക്കുഴപ്പം ഒഴിവാക്കാൻ സഹായിക്കും. ഡെംചോക്, ദെപ്‌സാങ് എന്നിവിടങ്ങളിൽ നിലവിലുള്ള താത്കാലിക സൈനികസംവിധാനങ്ങൾ മുഴുവനും പിൻവലിക്കും.
റഷ്യയിലെ കസാനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയിൽ അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും മുൻഗണന നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.