തിരുവനന്തപുരം: വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിരേഖപ്പെടുത്തി. ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അടക്കമുള്ളവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് വോട്ടര്‍പ്പട്ടിക ചോര്‍ന്നുവെന്ന് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
ഉദ്യോഗസ്ഥരുടെ മൊഴി അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖയാണ് ചോര്‍ന്നത്. ഇത് രഹസ്യസ്വഭാവത്തോടെ പാസ്വേര്‍ഡ് അടക്കം ഉപയോഗിച്ച് സംരക്ഷിക്കുന്ന ഒരു വോട്ടര്‍പട്ടികയാണ്. ഇതാണ് ചോര്‍ന്നതെന്നാണ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്.
മുന്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല പുറത്തുവിട്ടത് വെബ്‌സൈറ്റിലെ പരസ്യ രേഖയല്ല. ഔദ്യോഗിക ഫോര്‍മാറ്റിലെ രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ആറ് കംപ്യൂട്ടറുകളും മൂന്ന് ലാപ്പ്‌ടോപ്പുകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
തെരഞ്ഞെടുപ്പു കമ്മീഷനിലെ കെല്‍ട്രോണിന്റെ ലാപ്‌ടോപ്പില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു. ഐടി ആക്ട്, ഗൂഢാലോചന, ഡാറ്റാ മോഷണം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു ക്രൈംബ്രാഞ്ച് കേസെടുത്തത്.
വോട്ടര്‍ പട്ടികയുടെ ചുമതലയുള്ള ജോയിന്റ് സിഇഒ നല്‍കിയ പരാതിയിലാണ് അന്വേഷണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണു പരാതിയില്‍ പറയുന്നത്.