മുംബൈ: കോവിഡ് വ്യാപനം വീണ്ടും അധികരിച്ച പശ്ചാത്തലത്തിൽ ശക്തമായ നടപടിയുമായി മുംബൈ കോര്‍പ്പറേഷന്‍രംഗത്ത് എത്തിയിരിക്കുന്നു. നഗരത്തിലെ തിരക്ക് കൂടിയ ഇടങ്ങളില്‍ നിന്ന് പ്രത്യേക മാനദണ്ഡങ്ങളില്ലാതെ ആളുകളെ തെരഞ്ഞെടുത്ത് കോവിഡ് ടെസ്റ്റ് നടത്താനാണ് മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ഡിപ്പോകള്‍, ഗല്ലികള്‍, മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് സ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പൗരന്മാരുടെ സമ്മതമില്ലാതെ ആന്റിജന്‍ പരിശോധന നടത്തുന്നതാണ്.
ആരെങ്കിലും ടെസ്റ്റിന് വിസമ്മതിക്കുകയാണെങ്കില്‍, അവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നും ബിഎംസി മുന്നറിയിപ്പ് നൽകിയിരിക്കുന്നു .
അതിനിടെ കോവിഡ് വാക്‌സിൻ 8 മുതൽ 10 മാസങ്ങൾ വരെ സംരക്ഷണം നൽകുമെന്ന് എയിംസ് ഡയറക്ടർ റൺദീപ് ഗുലേറിയ അറിയിച്ചു. വാക്‌സിനുകൾ വൈറസിനെതിരെ മികച്ച രീതിയിൽ സംരക്ഷണം നൽകും. ഇതുവരെ ഇന്ത്യൻ നിർമ്മിത വാക്‌സിനുകൾക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വീണ്ടും കൊറോണ വ്യാപനം ഉണ്ടാകുന്നുണ്ടെന്ന് റൺദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി. കൊറോണ അവസാനിച്ചെന്ന് കരുതി ജനങ്ങൾ ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. രോഗവ്യാപനത്തിന് കാരണങ്ങൾ നിരവധിയാണെങ്കിലും ജനങ്ങളുടെ ശ്രദ്ധക്കുറവാണ് പ്രധാന കാരണമെന്നും എല്ലാവരും കുറച്ചുകാലം കൂടി അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
p>കൊറോണ വൈറസ് രോഗ വ്യാപനം കണത്തിലെടുത്ത് തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ അടച്ചിടാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്. 9, 10, 11 ക്ലാസ്സുകളിലെ പഠനമാണ് സംസ്ഥാനത്ത് നടക്കുന്നത്.
എന്നാൽ അതേസമയം ഓണ്‍ലൈന്‍ പഠനം തുടര്‍ന്നും നടക്കുമെന്ന് സംസ്ഥാന റവന്യൂ- ദുരന്ത നിവാരണ വകുപ്പ് അറിയിക്കുകയുണ്ടായി. ഹോസ്റ്റലുകളും അടച്ചിടാന്‍ നിര്‍ദേശം നൽകിയിരിക്കുന്നു.
തമിഴ്‌നാട് സ്റ്റേറ്റ് ബോര്‍ഡിന്റേതല്ലാത്ത, പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. ഈ പരീക്ഷകള്‍ക്കായുള്ള സ്‌പെഷല്‍ ക്ലാസ്സുകള്‍, ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ എന്നിവയും തുടരാന്‍ അനുവദിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.
രാജ്യത്ത് കോവിഡ് രോഗവ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ്. മാസ്‌ക് ധരിക്കല്‍, കൈകളുടെ ശുചിത്വം ഉറപ്പാക്കല്‍, സാമൂഹികാകലം പാലിക്കുക എന്നിവ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കേരളത്തിൽ ഇന്ന് 2078 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159, മലപ്പുറം 146, ഇടുക്കി 126, കാസര്‍ഗോഡ് 119, ആലപ്പുഴ 105, പാലക്കാട് 68, പത്തനംതിട്ട 62, വയനാട് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,777 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,26,17,046 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4482 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 302, എറണാകുളം 219, തിരുവനന്തപുരം 149, കൊല്ലം 166, തൃശൂര്‍ 160, കോട്ടയം 158, കണ്ണൂര്‍ 124, മലപ്പുറം 142, ഇടുക്കി 120, കാസര്‍ഗോഡ് 107, ആലപ്പുഴ 90, പാലക്കാട് 29, പത്തനംതിട്ട 54, വയനാട് 40 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 2, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2211 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 185, കൊല്ലം 140, പത്തനംതിട്ട 71, ആലപ്പുഴ 242, കോട്ടയം 358, ഇടുക്കി 24, എറണാകുളം 128, തൃശൂര്‍ 248, പാലക്കാട് 76, മലപ്പുറം 221, കോഴിക്കോട് 255, വയനാട് 43, കണ്ണൂര്‍ 112, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,009 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,72,554 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,019 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,26,255 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3764 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 427 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്.