തിരുവനന്തപുരം: കൊവിഡ് ഗുരുതരമല്ലാത്തവര്‍ക്ക് ഇനി മുതല്‍ ചികിത്സ വീട്ടില്‍ നല്‍കും. വിദേശ രാജ്യങ്ങളിലേത് പോലെ കൊവിഡ്
ഗുരുതരമല്ലാത്ത രോഗികളെവീട്ടില്‍ തന്നെ താമസിപ്പിച്ചു ചികിത്സ നല്കുന്ന രീതി കേരളത്തിലും നടപ്പാക്കുകയാണ്. ആരോഗ്യ വിദഗ്ദ്ധര്‍ നേരത്തെ മുന്നോട്ടുവച്ച ഈ നിര്‍ദ്ദേശം അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പുതിയ നിര്‍ദ്ദേശം നടപ്പിലാവുന്നതോടെ ചെലവു ചുരുക്കാനും സാധിക്കും.
രോഗം സ്ഥിരീകരിച്ചവരെയും ഗുരുതര പ്രശ്നങ്ങളില്ലാത്തവരെയും നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ് നിലവിലത്തെ രീതി. ഇവിടെ നിരീക്ഷണമാണ് പ്രധാനമായി ഉദ്ദേശിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന ആശുപത്രികള്‍ പോലെ ശ്രദ്ധയും പരിചരണവും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും വേണമെന്ന തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് ആരംഭ ഘട്ടത്തിലുള്ളവര്‍ക്കും രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും എല്ലാം വീട്ടില്‍ തന്നെ തുടരാം. ഇവര്‍ക്ക് ആവശ്യമായ ചികിത്സകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടില്‍ തന്നെ നല്‍കും. നിലവില്‍ കൊവിഡ് പോസിറ്റിവായ എല്ലാവരേയും ആശുപത്രികളിലേക്കും നിരീക്ഷണ കേന്ദ്രങ്ങളിലേക്കും മാറ്റുന്ന രീതിയാണ് ഉള്ളത്.
ഇത് മൂലം സര്‍ക്കാരിനും വന്‍ തുകയാണ് ചെലവാകുന്നത്.കൊവിഡ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിനു ചികിത്സകരെയും ജീവനക്കാരെയും നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി രണ്ടാം ബാച്ചും തയാറാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു വകുപ്പുകളിലെ ജീവനക്കാരെ ഇവിടെ നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.