ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിശക്തമാകുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍മാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ആണ് പ്രധാനമന്ത്രിയും ഗവര്‍ണര്‍മാരുമായുളള കൂടിക്കാഴ്ച. ഇതാദ്യമായാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്തെ കോവിഡ് വ്യാപനം ചെറുക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍മാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവര്‍ണര്‍മാരുമായുളള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് രാജ്യം. കോവിഡ് ആദ്യ തരംഗത്തിലെ കേസുകള്‍ മറികടക്കുന്ന തരത്തിലാണ് ഏപ്രില്‍ മാസത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത്.
ഏപ്രില്‍ 8 ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കോവിഡ് സാഹചര്യം ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍മാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തണം എന്നാണ് യോഗത്തില്‍ മുഖ്യമന്ത്രിമാരോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരെ പോലെ തന്നെ ഗവര്‍ണര്‍മാരും പൂര്‍ണമായും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും ഇടപെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡ് സാഹചര്യം ആളുകള്‍ ലളിതമായി എടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും മതനേതാക്കളും എഴുത്തുകാരും അടക്കമുളള സമൂഹത്തിലെ പ്രമുഖരുടെ സഹായത്തോടെ ജനങ്ങള്‍ക്കിടയില്‍ കേവിഡ് ബോധവത്ക്കരണം നടത്താനാവും എന്നും നരേന്ദ്ര മോദി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ആണ് ഗവര്‍ണര്‍മാരുമായുളള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.
മഹാരാഷ്ട്രയിൽ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ.രാത്രി എട്ട് മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനം മുഴുവൻ 144 പ്രഖ്യാപിക്കും. ഇതിനെ ലോക്ക്ഡൗൺ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. രാവിലെ ഏഴ് മുതൽ രാത്രി എട്ടുവരെ അവശ്യ സർവീസുകൾ മാത്രമെ അനുവദിക്കൂ. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് വേണ്ടിയുള്ള യാത്രകൾ മാത്രമെ സംസ്ഥാനത്ത് ഉടനീളം അനുവദിക്കൂ. നാലു പേരിൽ കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.
We are imposing strict restrictions which will come into effect from 8 pm tomorrow. Section 144 to be imposed in the entire state from tomorrow. I will not term this as lockdown: Maharashtra CM Uddhav Thackeray pic.twitter.com/SUMMjtnBRR
— ANI (@ANI) April 13, 2021
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ റമദാന്‍ മാസത്തിലെ കൂട്ടായ്മകളും ഘോഷയാത്രകളും നിരോധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.ഏപ്രില്‍ 14 ന് ആരംഭിക്കുന്ന റമദാന്‍ മാസത്തിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെയുള്ള യോഗങ്ങള്‍ക്കും വിലക്ക് ബാധകമാണ്. ഏപ്രില്‍ 12 51751 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നോമ്പ് മുറിക്കുന്നതിനിടെ കൊവിഡ് പ്രൊട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നു.
ജമായത്ത് ഉലേമാ ഇ ഹിന്ദ് നേതാക്കള്‍ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെയെ സന്ദര്‍ശിച്ച് റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ മോസ്‌കിനുള്ളില്‍ വച്ച് നടത്താന്‍ അനുമതി തേടിയതിന് പിന്നാലെയാണ് വിലക്ക് വരുന്നത്. എല്ലാ ആരാധനാലയങ്ങളും അടച്ചിടാനും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഈ നില തുടരാനും മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്തെ പകുതി ആളുകളെ ഉള്‍പ്പെടുത്തി നിസ്‌കാരം നടത്താന്‍ അനുവദിക്കണമെന്നാണ് ജമായത്ത് ഉലേമാ ഇ ഹിന്ദ് നേതാക്കള്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
കൊവിഡ് ബാധിച്ച് ഇതിനോടകം 58245 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചിട്ടുള്ളത്. 564746 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ദില്ലി, ഛത്തീസ്ഗഡ്, കര്‍ണാടക, കേരള, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ അടക്കമുളള സംസ്ഥാനങ്ങളഇല്‍ കൊവിഡ് രണ്ടാംതരംഗം രൂക്ഷമാവുകയാണ്. രാജ്യത്തെ കൊവിഡ് കേസുകളുടെ 47.22 ശതമാനവും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തില്‍ 10,12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റി വച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗായ്കവാദ് ആണ് ഇക്കാര്യം അറിയിച്ചത്. പ്ലസ്ടു പരീക്ഷകള്‍ മെയ് അവസാനവും പത്താക്ലാസ് പരീക്ഷകള്‍ ജൂണ്‍ ആദ്യവും നടത്താനാണ് തീരുമാനം.
കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം തീയതികള്‍ പ്രഖ്യാപിക്കും. വിദ്യാര്‍ഥികള്‍, അധ്യാപകരും രക്ഷിതാക്കളും ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ യോഗത്തിന് ശേഷമാണ് പരീക്ഷ മാറ്റിവെക്കുന്നതിനുളള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
ആരോഗ്യമാണ് ഞങ്ങള്‍ക്ക് സുപ്രധാനമെന്നും സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരീക്ഷ നടത്താന്‍ അനുയോജ്യമല്ലെന്നും വീഡിയോ സന്ദേശത്തിലൂടെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സിബിഎസ്ഇ, ഐസിഎസ്ഇ അടക്കമുള്ള പരീക്ഷകള്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഐസൊലേഷനില്‍ പോയത്.
“എന്റെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരില്‍ ചിലരുമായി ഞാന്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മുന്‍കരുതല്‍ എന്ന രീതിയില്‍ ഞാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ” യോഗി ആദിത്യനാഥ് വ്യക്തമാക്കി.
കേരളത്തിൽ ഇന്നലെ 7515 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,87,699 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4814 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 198 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1114, കോഴിക്കോട് 835, തൃശൂര്‍ 661, മലപ്പുറം 597, കോട്ടയം 570, തിരുവനന്തപുരം 417, കണ്ണൂര്‍ 405, ആലപ്പുഴ 449, കൊല്ലം 444, കാസര്‍ഗോഡ് 388, പാലക്കാട് 144, പത്തനംതിട്ട 280, ഇടുക്കി 251, വയനാട് 192 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, തൃശൂര്‍ 7, കാസര്‍ഗോഡ് 6, പാലക്കാട് 4, കോഴിക്കോട് 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 196, കൊല്ലം 583, പത്തനംതിട്ട 132, ആലപ്പുഴ 81, കോട്ടയം 216, ഇടുക്കി 106, എറണാകുളം 336, തൃശൂര്‍ 186, പാലക്കാട് 61, മലപ്പുറം 263, കോഴിക്കോട് 409, വയനാട് 63, കണ്ണൂര്‍ 266, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,23,133 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,589 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,75,007 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7582 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1289 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 416 ഹോട്ട് സ്പോട്ടുകളാണുള്ളത്.