31.1 C
Kottayam
Saturday, November 23, 2024

കൊടുങ്കാറ്റായി കൊവിഡ്,ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും വ്യാപക രോഗബാധ,തലസ്ഥാനത്ത് രണ്ടിലൊരാള്‍ക്ക് കൊവിഡ്,നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും,മറ്റന്നാള്‍ അവലോകനയോഗം

Must read

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നൂറിലേറെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ മറ്റന്നാള്‍ ചേരുന്ന കൊവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്കടക്കം തീരുമാനമെടുക്കും. രാത്രി കാല കര്‍ഫ്യുവും വന്നേക്കാം.

ടിപിആര്‍ 48 ശതമാനത്തിലെത്തിയ തിരുവനന്തപുരത്ത് വാരാന്ത്യലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാതല സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ഓഫീസിലടക്കം സെക്രട്ടറിയേറ്റില്‍ നിയന്ത്രണം ശക്തമാക്കി.

ഒന്നും രണ്ടും ഘട്ടത്തെക്കാള്‍ അതിതീവ്രമായ കൊവിഡ് വ്യാപനമാണ് കേരളം നേരിടുന്ന വെല്ലുവിളി. സ്‌കൂളുകളും കോളേജുകളും അടക്കം ക്ലസ്റ്ററുകളാകുകയാണ്. 120 ലേറെ കൊവിഡ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. എംജി കോളേജ്, ആള്‍ സെയിന്റ്‌സ്. മാര്‍ ഇവാനിയോസ് അടക്കമുള്ള തലസ്ഥാനത്തെ നിരവധി കോളേജുകള്‍ അടച്ചു.

തലസ്ഥാനത്തെ സ്ഥിതി അതിരൂക്ഷമാണ്. പരിശോധിക്കുന്ന രണ്ടിലൊരാള്‍ക്കാണ് രോഗം. വിദ്യാഭ്യാസമന്ത്രി കൊവിഡ് പൊസീറ്റിവായി. പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരവധിപേര്‍ക്ക് രോഗമുണ്ട്. വനം-ദേവസ്വം മന്ത്രിമാരുടെ ഓഫീസ് ഭാഗികമായി അടച്ചു. ജോലിക്കെത്തേണ്ട ജീവനക്കാരുടെ എണ്ണം അന്‍പത് ശതമാനമാക്കണമെന്നാണ് സര്‍വ്വീസ് സംഘടനകളുടെ ആവശ്യം. നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളൊന്നും ആരും കൃത്യമായി പാലിക്കാത്തതിനാല്‍ കൂടുതല്‍ കടുപ്പിക്കും. രാത്രി കര്‍ഫ്യു സജീവപരിഗണനയിലുണ്ട്.

വാരാന്ത്യ ലോക്ക് ഡൗണില്‍ വിദഗ്ധര്‍ക്ക് രണ്ടഭിപ്രായമുണ്ട്. മാളുകളടക്കം പൊതുസ്ഥലങ്ങളില്‍ ആളുകളുടെ എണ്ണം കൂടുതല്‍ കുറച്ചേക്കും. അതേ സമയം സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ല. മറ്റന്നാള്‍ വൈകീട്ട് അഞ്ചിനാണ് കൊവിഡ് അവലോകനയോഗം. അമേരിക്കയില്‍ ചികിത്സയില്‍ ഉള്ള മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. ഹോട്ടലുകളിലടക്കം കടുത്ത നിയന്ത്രണം വേണമെന്നാണ് തലസ്ഥാന ജില്ലയില്‍ മന്ത്രിമാരും കലക്ടറും പങ്കെടുത്ത യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടത്.

സംഘടനകളുടെ യോഗങ്ങള്‍ നടത്തരുതെന്നാണ് നിര്‍ദ്ദേശം. സിപിഎം ജില്ലാ സമ്മേളനം തീര്‍ന്നപ്പോഴാണ് മന്ത്രിമാര്‍ പങ്കെടുത്ത യോഗം ചേര്‍ന്നത്. ജില്ലയില്‍ നേരത്തെ കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും സിപിഎം ജില്ലാസമ്മേളനം നടന്നപ്പോള്‍ സര്‍ക്കാരോ ജില്ലാ ഭരണകൂടമോ ഒരു നടപടിയും എടുത്തിരുന്നില്ല.

വെള്ളിയാഴ്ച മുതല്‍ 10,11,12 ക്ലാസുകള്‍ മാത്രമാണ് ഓഫ്‌ലൈനായി നടക്കുന്നത്. സ്‌കുളുകള്‍ ക്ലസ്റ്ററുകളാകുമ്പോള്‍ അവലോകനയോഗത്തില്‍ ഇതിലും എന്തെങ്കിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും വ്യാപക കൊവിഡാണ്. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഡോക്ടര്‍മാരടക്കം നിരവധിപേര്‍ക്കാണ് കൊവിഡ്. സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുന്ന രീതിയിലാണ് സേനയിലെ രോഗവ്യാപനം.

തിരുവനന്തപുരത്ത് (Thiruvananthapuram) ടി പി ആർ (TPR)  48 ആയി ഉയർന്ന സാഹചര്യത്തിൽ കൊവിഡ് (Covid)  നിയന്ത്രണ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു (Antony Raju) അറിയിച്ചു. രണ്ടിലൊരാൾക്ക് എന്ന തോതിൽ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. 

മാളുകളിൽ എണ്ണം നിയന്ത്രിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹത്തിന് 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ അനുവദിക്കില്ല. സർക്കാർ യോഗങ്ങളെല്ലാം ഓൺലൈനിൽ നടത്തണം.  സംഘടനകളുടെ യോഗം അംഗീകരിക്കില്ല. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കും. വാഹനങ്ങളുടെ യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച്  ചർച്ച ചെയ്യാൻ  നാളെ ഉന്നതതല യോഗം ചേരും. കെ എസ് ആർ ടി സി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് കൊടുക്കുന്ന കാര്യം മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, തലസ്ഥാനത്തു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കുകയാണ്. എം ജി കോളേജ്, ഓൾ സെയിന്റ്സ് കോളേജ്, മാർ ഇവനിയോസ് കോളേജ് എന്നിവിടങ്ങളിൽ  ഓഫ് ലൈൻ ക്ലാസ് നിർത്തിവച്ചു. 

ഇന്ന് കേരളത്തിൽ 28,481 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,42,512 കൊവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 165 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,522 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 579 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 215 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7303 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 785, കൊല്ലം 989, പത്തനംതിട്ട 558, ആലപ്പുഴ 119, കോട്ടയം 159, ഇടുക്കി 283, എറണാകുളം 2468, തൃശൂര്‍ 209, പാലക്കാട് 222, മലപ്പുറം 174, കോഴിക്കോട് 574, വയനാട് 137, കണ്ണൂര്‍ 391, കാസര്‍ഗോഡ് 235 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,42,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,36,013 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,66,57,881), 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,20,61,640) നല്‍കി.
· 15 മുതല്‍ 17 വയസ് പ്രായമുള്ള 55 ശതമാനം (8,31,495) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,95,901)

ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 28,481 പുതിയ രോഗികളില്‍ 26,285 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1710 പേര്‍ ഒരു ഡോസ് വാക്‌സിനും 16,828 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 7747 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

ജനുവരി 11 മുതല്‍ 17 വരെയുള്ള കാലയളവില്‍, ശരാശരി 79,456 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 74,073 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 204 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 178%, 50%, 103%, 29%, 10%, 41% വര്‍ധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ചേലക്കര ചുവന്നു തന്നെ! തുടക്കംമുതൽ മുന്നേറ്റം തുടർന്ന് യു.ആർ. പ്രദീപ്;പച്ച തൊടാതെ രമൃ

തൃശ്ശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഡുയര്‍ത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ കൃത്യമായി ലീഡ് നിലനിര്‍ത്തിയാണ് പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യറൗണ്ടില്‍ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ...

Gold price Today:റെക്കോർഡ് വിലയിലേക്ക് സ്വർണം;ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. അന്താരാഷ്ട്ര സ്വർണവില വീണ്ടും 2700 ഡോളർ മറികടന്നിട്ടുണ്ട്. ഇതോടെ കേരളത്തിലെ വിപണിയിലെ സ്വർണവില 58000  കടന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400...

ഇടതുസർക്കാറിന്റെ ഐശ്വര്യം എൻഡിഎ ; ബി.ജെ.പിയ്ക്ക് പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ ഇപ്പോഴും എൽഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണ്. ഇടതു സർക്കാറിന്റെ ഐശ്വര്യമാണ് എൻഡിഎ എന്നും കരുതുന്നു....

അമ്മയുമായി അവിഹിത ബന്ധം; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

ആഗ്ര: അമ്മയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പാൽക്കാരനെ 17കാരൻ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാവൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.  സംഭവത്തിൽ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യമുന എക്‌സ്പ്രസ് വേയിലാണ് പാൽക്കാരൻ പങ്കജ് (25)...

പ്രിയങ്കരിയായി പ്രിയങ്ക! വയനാട്ടിൽ ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക്

തിരുവനന്തപുരം: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്പോള്‍ 157472 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രിയങ്കയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.