തിരുവനന്തപുരം: ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടിപ്പോയി. ആനാട് സ്വദേശിയായ യുവാവാണ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. ഇയാളെ നാട്ടില്‍വെച്ച് നാട്ടുകാര്‍ പിടികൂടി. മദ്യം ലഭിക്കാതിരുന്നതിനാലാണ് ഇയാള്‍ ചാടിപ്പോയത് എന്നാണ് വിവരം.
ഇന്നലെ ഉച്ചയോട് കൂടിയാണ് രോഗി രക്ഷപ്പെട്ടത്. ആശുപത്രിയിലെ വേഷത്തില്‍ തന്നെ കെഎസ്‌ആര്‍ടിസി ബസില്‍ കയറി ഇയാള്‍ സ്വദേശമായ ആനാട് വരെ എത്തി. തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ വെച്ചാണ് ആളെ തിരിച്ചറിഞ്ഞ് നാട്ടുകാര്‍ പിടികൂടിയത്.
തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്ക് മെയ് 29നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നു.
ഇതിന് പിന്നാലെയാണ് ഇയാള്‍ ചാടിപ്പോയത്. ഇയാള്‍ മദ്യപാനത്തിന് അടിമയാണെന്നാണ് പറയുന്നത്. നേരത്തെയും ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമം നടത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്നും ചാടിപ്പോയ ഇയാള്‍ കരകുളം വരെ നടന്ന ശേഷം നെടുമങ്ങാട് ബസില്‍ കയറി നെടുമങ്ങാട് എത്തി.
അവിടെ ഇറങ്ങിയശേഷം ഹോട്ടലില്‍ കയറി ചായ കുടിച്ചു. ഇതിനു ശേഷം വേറൊരു ബസില്‍ കയറിയാണ് ആനാട് എത്തിയത്. രണ്ടു കെഎസ്‌ആര്‍ടിസി ബസിലാണ് ഇയാള്‍ കയറിയത്. ഈ രണ്ടു കെഎസ്‌ആര്‍ടിസി ബസുകള്‍, ഇതിലുള്ള ആളുകള്‍, കണ്ടക്ടര്‍, ഡ്രൈവര്‍, എന്നിവരെക്കുറിച്ച് എല്ലാം വിവരങ്ങള്‍ ശേഖരിക്കേണ്ടി വരും.മദ്യം ലഭിക്കാത്തപ്പോള്‍ മാനസിക പ്രശ്‌നങ്ങള്‍ കൂടി നേരിടുന്നയാളാണ് കൊറോണ രോഗി.
സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ആനാട് എത്തിയ രോഗി നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍വയലന്‍സ് ടീം ഇവരെ കണ്ടെത്താനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് അണുനശീകരണം നടത്താന്‍ ഫയര്‍ഫോഴ്‌സ് എത്തും. രോഗിയെ രക്ഷപ്പെടാന്‍ ആരെങ്കിലും സഹായിച്ചെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നു പോലീസ് വ്യക്തമാക്കി.