തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തില്‍ ഡിജിപിയുടെ പുതിയ മാര്‍ഗ നിര്‍ദേശം. വ്യാപര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദേശം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരു സമയം 6 ഉപഭോക്താക്കള്‍ മാത്രം ഉണ്ടാവാന്‍ പാടുള്ളു. അതേസമയം, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരു സമയം 12 പേരെ അനുവദിക്കാം. ബാങ്കുകള്‍ ഉപഭോക്താക്കളെ സമയം മുന്‍ കൂട്ടി അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
എഡിജിപി മുതല്‍ എസ്പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാങ്കുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കണം. ഇത് കൊവിഡ് പ്രതിരോധത്തിനുള്ള ഒന്നാമത്തെ മാര്‍ഗമായി കണക്കിലെടുത്ത് കൈകാര്യം ചെയ്യണം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനൊപ്പം എസ്ഐമാര്‍ അടക്കമുള്ളവര്‍ ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്തണം. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.