തിരുവനന്തപുരം: സംസ്ഥാനത്ത് 10ലക്ഷം പേരില്‍ 109 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് മരണ നിരക്ക് 0.6 ശതമാനമാണെങ്കില്‍ രാജ്യത്തത് 3.1 ശതമാനമാണ്. 22മരണങ്ങളില്‍ 20ഉം മറ്റ് ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ കൂടിയായിരുന്നു. സര്‍ക്കാര്‍ ചിലവില്‍ ആംബുലന്‍സുകള്‍, ടെസ്ററിങ്, ക്വാറന്റീന്, ചികിത്സ എന്നിവക്കായി ആശുപത്രികളിലെത്തിച്ച ആളുകളുടെ എണ്ണം ജൂണ്‍ മാസത്തില്‍ മാത്രം 30,599 ആണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് സാംപിള്‍ പോസിറ്റീവ് റേറ്റ് കേരളത്തില്‍ 1.8 ശതമാനമാണ്. രാജ്യത്തിന്റേത് 6.2 ശതമാനമാണ്. ഇത് രണ്ട് ശതമാനത്തില്‍ താഴെയാവുകയാണ് ആഗോലതലത്തില്‍ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ശാരീരിക അകലവുമായി ബന്ധപ്പെട്ട കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പോലീസ് ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.