ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിയ്ക്കുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് അപക്വമായ നിലപാടുകള്‍ തുടരുന്നതിനിടെ മാതൃകാപരമായ നടപടിയുമായി ലത്തീന്‍ രൂപത. ആലപ്പുഴ മാരാരിക്കുളത്ത് ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇടവക സെമിത്തേരിയില്‍ ദഹിപ്പിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച പുക തട്ടിയാല്‍ രോഗമുണ്ടാകുമെന്ന തരത്തിലുള്ള വ്യാജപ്രചാരണം അടക്കം പരക്കുമ്പോഴാണ് രൂപതയുടെ മാതൃകാപരമായ തീരുമാനം.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിയാണ് ത്രേസ്യാമ്മ. വൃക്കരോഗത്തിന് ചികിത്സയിലായിരിക്കെ ഇന്നലെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ച് ഇവര്‍ മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇവരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ വൈദികരുടെ സംഘവുമുണ്ടായിരുന്നു. ഇപ്പോള്‍ ഇടവക സെമിത്തേരിയില്‍ സംസ്‌കരിച്ച മൃതദേഹത്തിന്റെ ഭസ്മമെടുത്ത് സഭാ ചട്ടങ്ങള്‍ പാലിച്ച് സെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്യാനാണ് തീരുമാനം. നിലവില്‍ ആലപ്പുഴയില്‍ പല ഇടത്തും കുഴിയെടുത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം അടക്കം ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാലാണ് മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കാന്‍ രൂപത തീരുമാനിച്ചത്. മാതൃകാപരമായ തീരുമാനമെടുത്ത സഭാനേതൃത്വത്തെ ആലപ്പുഴ ജില്ലാ ഭരണകൂടം പ്രശംസിച്ചു. ആലപ്പുഴ ജില്ലാ ഭരണകൂടവും സഭാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ വിശ്വാസികളെ തീരുമാനം അറിയിച്ചത്.
അതേസമയം, കൊവിഡ് മൂലം സഭാംഗങ്ങള്‍ മരിച്ചാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇവരുടെ മൃതദേഹങ്ങള്‍ സെമിത്തേരിയില്‍ അടക്കം ചെയ്യാമെന്ന് സിഎസ്‌ഐ സഭയും തീരുമാനിച്ചിട്ടുണ്ട്. മധ്യകേരളം മഹാ ഇടവക ബിഷപ്പ് തോമസ് കെ ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയത്ത് വയോധികന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ സിഎസ്‌ഐ സഭയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.