27.7 C
Kottayam
Thursday, March 28, 2024

മന്ത്രി വി അബ്ദുറഹ്മാനെതിരായ വിവാദ പരാമർശം; ഫാ. തിയോഡേഷ്യസിനെതിരെ കേസെടുത്ത് പൊലീസ്

Must read

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന  പരാമര്‍ശത്തിലാണ് വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മതവിദ്വേഷം വള‍ത്താനുളള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, വിവാദ പരാമർശത്തില്‍ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ചു. 

ഇന്നലെയാണ് ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്ദുറഹ്മാനെതിരായ വിവാദ പരാമർശം നടത്തിയത്. പരാമർശം വിവാദമായതോടെ ലത്തീൻ രൂപതയും, ഫാ.തിയോഡേഷ്യസും മാപ്പ് പറഞ്ഞ് പ്രസ്താവനയിറക്കിയിരുന്നു. പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു.

സമുദായങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കിയത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് അറിയിച്ചു. പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും പരാമർശം പിന്‍വലിക്കുന്നുവെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നം അവസാനിപ്പിക്കണം എന്നും അതിരൂപത അഭ്യർത്ഥിച്ചു. 

അതേസമയം, വിഴിഞ്ഞത്ത് നടക്കുന്നത് ലക്ഷണമൊത്ത അന്താരാഷ്ട്ര ഗൂഢാലോചനയാണെന്ന് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചു. നിരോധിക്കപ്പെട്ട തീവ്രവാദ പ്രസ്ഥാനങ്ങളിലെ അംഗങ്ങൾ വരെ ഇതിൽ പങ്കാളികളാണ്. വിഴിഞ്ഞം സമരത്തിന്റെ മറ്റൊരു പതിപ്പാണ് കോഴിക്കോട് കോതിയിൽ നടക്കുന്നതെന്നും പി മോഹനൻ പറഞ്ഞു. മാലിന്യ പ്ലാന്റിനെതിരെ സമരം നടക്കുന്ന കോതിയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു പി മോഹനൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week