കോഴിക്കോട്: വടകര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. ആര്‍.എം.പി നേതാവ് കെ.കെ. രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാലാണ് സീറ്റ് തിരിച്ചെടുക്കുന്നത്. ധര്‍മടത്ത് ശക്തമായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഹസന്‍ പറഞ്ഞു.
കെ.കെ. രമ മത്സരിക്കണം എന്ന അഭ്യര്‍ഥനയോടെയാണ് വടകര സീറ്റ് ആര്‍എംപിക്ക് നല്‍കിയത്. രമ മത്സരിക്കുന്നില്ല എന്ന് അറിയിച്ച സ്ഥിതിക്ക് വടകരയില്‍ യുഡിഎഫിന്റെ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തും. ധര്‍മടം സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് വേണ്ട എന്ന് അറിയിച്ച സാഹചര്യത്തിലും അവിടെയും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് ഹസന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പാലക്കാട് കോണ്‍ഗ്രസില്‍ വിമതസ്വരം ഉയര്‍ത്തിയ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തിയിട്ടുണ്ട്. ഗോപിനാഥുമായി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച ചര്‍ച്ച നടത്തും.
പ്രശ്‌ന പരിഹാരത്തിനായി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും ഗോപിനാഥിനെ നേരിട്ട് ഫോണില്‍ വിളിച്ചു. ഗോപിനാഥ് ഉന്നയിച്ച പരാതികളില്‍ വൈകാതെ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കള്‍ നല്‍കിയ ഉറപ്പ്.