32.3 C
Kottayam
Friday, March 29, 2024

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി; ‘അഭിമുഖത്തിനിടെ ഭീഷണി, അസഭ്യവര്‍ഷം’

Must read

കൊച്ചി:യുവ നടന്‍ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകയുടെ പരാതി. അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു.

ഇന്നലെ ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശംഭാഷപ്രയോഗങ്ങള്‍ നടത്തിയത്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തക ആരോപിച്ചു.

സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പരസ്യമായി സ്ത്രീത്വ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാധ്യമപ്രവര്‍ത്തക മരട് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത്.

പരാതിയിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ:

ആദ്യത്തെ ചോദ്യത്തിന് ടിയാന്‍ വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യമായ വീട്ടിലാരാണ് ചട്ടമ്പി എന്നതിന് മറുപടിയായി ഉത്തരം തന്നെങ്കിലും നിങ്ങള്‍ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഇത്തരത്തില്‍ ഇന്റര്‍വ്യൂവിന് ഇരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറയുകയുണ്ടായി. ഇപ്രകാരമുള്ള മറുപടി അന്ധാളിപ്പുണ്ടാക്കി എങ്കിലും ഞാനും എന്റെ സഹപ്രവര്‍തകരും തുടര്‍ന്നു. അടുത്ത ചോദ്യത്തോടുകൂടെ ടിയാന്‍ യാതൊരു പ്രകോപനവും മര്യാദയും പാലിക്കാതെ ഞാന്‍ സ്ത്രീയാണെന്നും ടി ഇന്റര്‍വ്യൂ ആണ് നടക്കുന്നതെന്നും പരിഗണിക്കാതെ ഇതുപോലുള്ള …… ചോദ്യങ്ങള്‍ ചോദിക്കരുതെന്നും പറഞ്ഞ് ആക്രോശിക്കുകയും എന്നെ അപമാനിക്കാനായി ഉപദ്രവിക്കാനും എന്നവണ്ണം ചാടിവരികയും ചെയ്തു.

ക്യാമറ ഓണ്‍ ആണെന്നുള്ള ബോധ്യം വന്നതിനാല്‍ അതിനു മുതിരാതെ ഞങ്ങളുടെ ക്യാമറാമാനോട് ക്യാമറ ഓഫ് ചെയ്യാന്‍ ആക്രോശിച്ചു. അതിനു ശേഷം ക്യാമറ ഓഫ് ചെയ്യടാ …. എന്നും പറഞ്ഞ് ക്യാമറ നിര്‍ബന്ധപൂര്‍വ്വം ഓഫ് ചെയ്തിപ്പിക്കുകയായിരുന്നു. ക്യാമറ ഓഫ് ചെയ്തതിനുശേഷം ടിയാന്‍ യാതൊരു മാന്യതയും കൂടാതെ കേട്ടാല്‍ അറപ്പുളവാക്കുന്ന സഭ്യമല്ലാത്ത രീതിയില്‍ തെറിവിളിക്കുകയും ചെയ്തു. ഇതുകണ്ട് പ്രൊഡ്യൂസര്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി സര്‍, ഇതൊരു ഫണ്‍ ഇന്റര്‍വ്യൂ ആണ്.. സഹകരിക്കണം എന്ന് പറഞ്ഞപ്പോള്‍ നിന്റെ …… എന്നായിരുന്നു മറുപടി.

ടിയാന്‍ മനോനില തെറ്റിയതുപോലെ കൂടുതല്‍ അക്രമാസക്തനാവുകയാണ് ചെയ്തത്. കൂടാതെ ഞങ്ങളെ ടിയാന്‍ ……. എന്ന് വിളിക്കുകയും ഉണ്ടായി. യാതൊരു മാന്യതയും ഇല്ലാതെ പിന്നെയും ……. തുടങ്ങിയ തെറികള്‍ എന്റേയും എന്റെ സഹപ്രവര്‍ത്തകരേയും വിളിച്ചുകൊണ്ടിരുന്നതിനാല്‍ അപമാനം സഹിക്ക വയ്യാതെയാണ് ഞങ്ങള്‍ ഹോട്ടലില്‍ നിന്നും തിരികെ പോന്നത്.

ഈ സംഭവം ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാല്‍ എന്നേയും എന്റെ മെമ്പേഴ്‌സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശത്തില്‍ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാന്‍ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ടിയാന്‍ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് ഈ പ്രശ്‌നത്തിന് ഒരു തീര്‍പ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week