റാഞ്ചി: ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായ ജെ എം എം മേധാവി ഹേമന്ത് സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി തിരിച്ചെത്തി. നിലവിലെ മുഖ്യമന്ത്രി ചമ്പായ് സോറന് ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ഇന്ത്യാ സഖ്യ എംഎല്‍എമാരും നേതാക്കളും സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമായത്.
ഭരണസഖ്യത്തിന്റെ 47 എംഎല്‍എമാര്‍ ഹേമന്ത് സോറനെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. റാഞ്ചിയിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇന്ത്യാ ബ്ലോക്കിന്റെ യോഗം ചേര്‍ന്നിരുന്നു. ജൂണ്‍ 28 നാണ് ഹേമന്ത് സോറന് ഹൈക്കോടി ജാമ്യം അനുവദിച്ചത്. അഞ്ച് മാസക്കാലം ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലായിരുന്നു ഹേമന്ത് സോറന്. ഇത് മൂന്നാം തവണയാണ് ഹേമന്ത് സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
2000-ല്‍ ബീഹാറില്‍ നിന്ന് വേര്‍പെടുത്തിയ ജാര്‍ഖണ്ഡിന്റെ 13-ാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. അതേസമയം യുപിഎ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായും ജെഎംഎം വര്‍ക്കിങ് പ്രസിഡന്റായും ചമ്പായി സോറന് പുതിയ ചുമതല നല്‍കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ മൂന്നാം നമ്പറായി കണക്കാക്കപ്പെടുന്ന ചമ്പായ് സോറന് ഷിബു സോറന്റെ അടുത്ത അനുയായികളിലൊരാളായിരുന്നു.
ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 2 നാണ് ചമ്പായ് സോറന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറന്റെ സഹോദരന് ബസന്ത്, ഭാര്യ കല്‍പ്പന എന്നിവരെ കൂടാതെ കോണ്‍ഗ്രസിന്റെ ജാര്‍ഖണ്ഡ് ഇന്‍ചാര്‍ജ് ഗുലാം അഹമ്മദ് മിറും സംസ്ഥാന പ്രസിഡന്റ് രാജേഷ് താക്കൂറും ഇന്ത്യാ ബ്ലോക്കിന്റെ യോഗത്തില്‍ പങ്കെടുത്തു.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്നെ മുഖ്യമന്ത്രിയാക്കുകയും സംസ്ഥാനത്തിന്റെ ചുമതല എനിക്ക് ലഭിക്കുകയും ചെയ്തു. ഹേമന്ത് സോറന് തിരിച്ചെത്തിയതിന് ശേഷം ഞങ്ങളുടെ സഖ്യം ഈ തീരുമാനമെടുത്തു. ഹേമന്ത് സോറനെ ഞങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. ഇപ്പോഴിതാ, ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുന്നു,’ സ്ഥാനമൊഴിഞ്ഞതിന് ശേഷം ചമ്പായ് സോറന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം എപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന ചോദ്യത്തിന്, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് ഹേമന്ത് സോറന് പറഞ്ഞു. അതിനിടെ ജെ എം എമ്മിനെതിരെ ബി ജെ പി രംഗത്തെത്തി. കുടുംബാധിപത്യമാണ് ജെ എം എം പിന്തുടരുന്നത് എന്നും സോറന് കുടുംബത്തിന് പുറത്തുള്ള ഗോത്ര നേതാക്കള്‍ താല്‍ക്കാലിക തിരഞ്ഞെടുപ്പുകള്‍ മാത്രമായിരിക്കുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടി പറഞ്ഞു.
ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്. 81 അംഗ നിയമസഭയില്‍ നിലവില്‍ ഇന്ത്യാ സഖ്യത്തിന് 47 എം എല്‍ എമാരുടെ പിന്തുണയുണ്ട്. ജെ എം എം (27), കോണ്‍ഗ്രസ് (18), ആര് ജെ ഡി (1) സി പി ഐ എം എല്‍ (1) എന്നിങ്ങനെയാണ് ഇന്ത്യ സഖ്യത്തിന്റെ കക്ഷിനില. മറുവശത്ത് എന്‍ ഡി എയില്‍ ബി ജെ പിക്ക് (24), എ ജെ എ സ് യുവിന് (3), എന്‍ സി പിക്ക് (1) എന്നിങ്ങനെയാണ് സീറ്റ് നില. സഭയിലെ നാല് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.