29.5 C
Kottayam
Friday, April 19, 2024

കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുമ്പുള്ള ശ്രീറാം വെങ്കിട്ടരാമന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Must read

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുന്‍പുള്ള ശ്രീറാം വെങ്കിട്ടരാമന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ശ്രീറാം വെങ്കിട്ടരാമന്‍ ഗോള്‍ഫ് ക്ലബ്ബിന് സമീപമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വിശ്രമകേന്ദ്രത്തില്‍ നിന്നു പുറത്തിറങ്ങുന്നതും ഇതേ റോഡിലൂടെ നടന്നുപോകുന്നതുമായ രണ്ട് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് ആദ്യമായി പുറത്തുവരുന്ന ദൃശ്യങ്ങളാണ് ഇത്. 12:49 ഓടെ ഗേറ്റ് തുറന്ന് ശ്രീറാം പുറത്തേക്ക് വരുന്നതും നടന്നുപോകുന്നതുമായ രണ്ട് ക്യാമറകളില്‍ നിന്നുള്ള ദൃശ്യമാണ് ഉള്ളത്.

വഫയുടെ മൊഴിയനുസരിച്ച് ശ്രീറാമിനെ കാറില്‍ കയറ്റുന്നത് കവടിയാര്‍ പാര്‍ക്കില്‍ നിന്നാണ്.ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും കവടിയാര്‍ പാര്‍ക്കിലേക്കെത്താന്‍ ഏതാണ്ട് പത്ത് മിനുട്ട് നടക്കേണ്ടിവരും. അങ്ങനെയെങ്കില്‍ 12.59 ന് ശ്രീറാം കവടിയാര്‍ പാര്‍ക്കിലേക്ക് എത്തിയിട്ടുണ്ടാകാമെന്നാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വെള്ളയമ്പലം കഴിഞ്ഞുള്ള പബ്ലിക് ഓഫീസിന് മുന്‍പില്‍ വെച്ചുണ്ടായ അപകടം നടന്നത് ഒരു മണിക്കാണെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ട്. ഇത്തരത്തിലാണെങ്കില്‍ രണ്ട് കിലോമീറ്ററോളം ദൂരം ഒരു മിനുട്ടില്‍ താഴെ മാത്രം സമയമെടുത്താണ് സഞ്ചരിച്ചിരിക്കുന്നതെന്ന് അനുമാനിക്കേണ്ടി വരും.

കവടിയാറിനും പബ്ലിക് ഓഫീസിനും ഇടയിലുള്ള കഫേ കോഫി ഡേയ്ക്ക് മുന്‍പില്‍ കാര്‍ നിര്‍ത്തിയെന്നും ശ്രീറാം ഡ്രൈവിങ് സീറ്റിലേക്ക് മാറി കയറിയെന്നും വഫ മൊഴി നല്‍കികയിട്ടുണ്ട്. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ അവിടെയും സമയ നഷ്ടമുണ്ടായിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഒരു മിനുട്ടില്‍ താഴെയുള്ള സമയത്ത് ഇതെല്ലാം നടന്നിട്ടുണ്ടാകണം. കാര്‍ അമിത വേഗതയിലായിരുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം സൂചിപ്പിക്കുന്നത് എന്നാണ് മാതൃഭൂമിയുടെ നിഗമനം.

അപകടം നടന്ന വഴിയിലുള്ള സിസി ടിവികള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും പ്രവര്‍ത്തിച്ചെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കേയാണ് മാതൃഭൂമി ഈ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. എന്തുകൊണ്ട് സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചില്ലെന്നും, പരിശോധിച്ചില്ലെന്നുമുള്ള വിമര്‍ശനം വ്യാപകമായി ഉയരുന്നതിനിടെയാണ് ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

https://www.facebook.com/mathrubhumidotcom/videos/3151971761510451/?t=0

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week