തളിപ്പറമ്പ്: കാറുകളുടെ ഗ്ലാസ് തകര്‍ത്ത് കവര്‍ച്ച നടത്തിയിരുന്ന യുവ കോടീശ്വരന്‍ പൊലീസ് പിടിയില്‍. 9 മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകര്‍ത്ത് ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നു. തളിപ്പറമ്പ് പുഷ്പഗിരിയിലെ മാടാളന്‍ പുതിയപുരയില്‍ അബ്ദുല്‍ മുജീബിനെയാണ് (41) ഡിവൈഎസ്പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആര്‍ഭാട ജീവിതവും വഴിവിട്ട ബന്ധങ്ങളും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണു മോഷണം തുടങ്ങിയതെന്നാണു പ്രതിയുടെ മൊഴി. തളിപ്പറമ്പ് നഗരത്തില്‍ ദേശീയ പാതയോരത്ത് വ്യാപാരിയായ പ്രതിക്കു സ്വന്തമായി 5 ഏക്കര്‍ ഭൂമിയും നഗരത്തില്‍ 3 നില ഷോപ്പിങ് കോംപ്ലക്‌സും മറ്റു പാരമ്പര്യ സ്വത്തുക്കളുമുണ്ടെന്നു പൊലീസ് പറഞ്ഞു.
പറശ്ശിനിക്കടവില്‍ നിന്നു കവര്‍ച്ച ചെയ്ത 18000 രൂപ പ്രതിയുടെ കടയില്‍ നിന്നു കണ്ടെടുത്തു. പൊലീസ് കസ്റ്റഡിയിലെടുത്തതോടെ മുജീബിനെ കാണാനില്ലെന്നു ബന്ധുക്കള്‍ പരിയാരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ തളിപ്പറമ്പിലെ ജ്വല്ലറിയില്‍ നിന്നും വിദേശ കറന്‍സികള്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കടയില്‍ നിന്നും പൊലീസ് കണ്ടെത്തി.