കടുത്ത പട്ടിണിയെ തുടര്‍ന്ന് മണ്ണ് വാരി കഴിക്കേണ്ട അവസ്ഥയിലെത്തിയ നാല് കുട്ടികളെ ചൈല്‍ഡ് ലൈന് കൈമാറിയ അമ്മയുടെ വാര്‍ത്ത കണ്ണീരോടെയാണ് മലയാളക്കര വായിച്ചത്. ഈ സാഹചര്യത്തില്‍ ഡോ. സി ജെ ജോണ്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സമൂഹിക സുരക്ഷ തക്ക സമയത്തു ലഭിക്കാതെ ഇത് പോലെയുള്ള ദുര്‍ഗതിയില്‍ പെട്ട് ചിലര്‍ വാര്‍ത്തയില്‍ നിറയുമ്പോള്‍ മാത്രം റിയാക്ടീവായി പ്രവര്‍ത്തിച്ചാല്‍ പോരെന്ന് സി.ജെ ജോണ്‍ കുറിപ്പില്‍ പറയുന്നു. ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റിന്റെ വാര്‍ഡ് തലത്തില്‍ ഇതിനെതിരെയുള്ള ജാഗ്രതാ സംവിധാനങ്ങള്‍ ഉണ്ടാക്കണം. വിശപ്പ് സഹിക്കാതെ മണ്ണ് തിന്നേണ്ടി വന്ന കുട്ടിയുള്ള ഈ പട്ടിണി വീട് അതിന് നിമിത്തമാകട്ടെ. പരിഹാരങ്ങളെ കുറിച്ച് സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ ഇത്തരം വേളകളില്‍ വെറുതെ രാഷ്ട്രീയം വിളമ്പി ബോറാക്കല്ലേ.അത് തിന്നാല്‍ വിശക്കുന്നവരുടെ
വിശപ്പ് അടക്കില്ലയെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
പുറമ്പോക്കില്‍ താമസം. ഗൃഹനാഥന് കൂലി പണി. മദ്യപാന ശീലവുമുണ്ട്. ഏഴ് വയസ്സ് മുതൽ മൂന്ന് മാസം വരെയുള്ള ആറ് കുട്ടികളെ ഉൽപാദിപ്പിച്ച വിദ്വാൻ. ഭാര്യയുടെ അവസാന പ്രസവം കുടിലില്‍ തന്നെ. കുട്ടികളെയും ഭാര്യയെയും മർദ്ദിക്കും. ഇതാണ് സാഹചര്യം. കുട്ടികള്‍ക്ക് ആഹാരം ലഭിക്കാറില്ലെന്ന് പ്രദേശ വാസികൾ അറിയിച്ചത് കൊണ്ട് ശിശു സംരക്ഷണ സംവിധാനം ഉണർന്ന് പ്രവർത്തിച്ചു.കരുതലും സംരക്ഷണവും വേണ്ട കുട്ടികളെന്ന ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ പരിധിയിൽ പെടുത്തി ഇടപെടലുകൾ അതിവേഗം നടന്നു.അത്രയും നല്ല കാര്യം.സത്യത്തിൽ ആ കുടുംബവും സമൂഹത്തിന്റെ കരുതലും സംരക്ഷണവും വേണ്ട അവസ്ഥയിൽ അല്ലേ?ഫാമിലീസ് നീഡിങ് കെയർ ആൻഡ് പ്രൊട്ടക്ഷൻ എന്നൊരു വിഭാഗത്തെ സാമൂഹിക നീതി വകുപ്പ് നിർവചിക്കേണ്ടതുണ്ട്.സമൂഹിക ദുരവസ്ഥയുടെ പ്രതീകമാകുന്ന ഈ പട്ടിണി വീട് അത്തരത്തിലൊന്നാണ് .വൃദ്ധ ജനങ്ങളും, മനോരോഗികളും കഷ്ടപ്പെടുന്ന വീടുകളുണ്ട്. രോഗങ്ങൾ മൂലം സാമ്പത്തിക പ്രതിസന്ധിയിൽ വീണ് പോകുന്ന കുടുംബങ്ങളുണ്ട് .ഇത്തരം അവസ്ഥകള്‍ കണ്ടെത്തി ഇടപെടേണ്ടത് ലോക്കല്‍ കൗൺസിലറിന്റെ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രീയ സംവിധാനം അവരെ പഠിപ്പിക്കണം. ബോധ്യപ്പെടുത്തണം.പ്രദേശ വാസികളെ അറിയേണ്ടത് അവരാണ്. തിരിച്ചറിഞ്ഞ് ഉചിതമായ സംവിധാനങ്ങളുമായി കണ്ണി ചേർത്ത് കരുതലും സംരക്ഷണവും നൽകണം . സമൂഹിക സുരക്ഷ തക്ക സമയത്തു ലഭിക്കാതെ ഇത് പോലെയുള്ള ദുർഗതിയിൽ പെട്ട് ചിലർ വാർത്തയിൽ നിറയുമ്പോൾ മാത്രം റിയാക്ടീവായി പ്രവർത്തിച്ചാൽ പോര. വേണ്ടത് വേണ്ട നേരം ചെയ്യുകയെന്നതാണ് മാതൃകാപരം. ലോക്കല്‍ സെൽഫ് ഗവൺമെന്റിന്റെ വാർഡ് തലത്തിൽ ഇതിനെതിരെയുള്ള ജാഗ്രതാ സംവിധാനങ്ങൾ ഉണ്ടാക്കണം. വിശപ്പ് സഹിക്കാതെ മണ്ണ് തിന്നേണ്ടി വന്ന കുട്ടിയുള്ള ഈ പട്ടിണി വീട് അതിന് നിമിത്തമാകട്ടെ.പരിഹാരങ്ങളെ കുറിച്ച് സൃഷ്ടിപരമായ നിർദ്ദേശങ്ങൾ നൽകാതെ ഇത്തരം വേളകളിൽ വെറുതെ രാഷ്ട്രീയം വിളമ്പി ബോറാക്കല്ലേ.അത് തിന്നാല്‍ വിശക്കുന്നവരുടെ
വിശപ്പ് അടക്കില്ല.
(സി ജെ ജോൺ)
പുറമ്പോക്കില്‍ താമസം. ഗൃഹനാഥന് കൂലി പണി. മദ്യപാന ശീലവുമുണ്ട്. ഏഴ് വയസ്സ് മുതൽ മൂന്ന് മാസം വരെയുള്ള ആറ് കുട്ടികളെ…
Posted by Drcjjohn Chennakkattu on Monday, December 2, 2019