മുംബൈ: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ അഞ്ചു മരണം. ഇരുപതോളം പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. പ്രദേശത്ത് ദേശീയ ദുരന്തപ്രതികരണ സേന( NDRF)യുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇരുപതോളം പേരെ പ്രദേശ വാസികൾ തന്നെ രക്ഷപ്പെടുത്തി. ഇനിയും 20-25 പേർ കുടുങ്ങി കിടപ്പുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മഹാരാഷ്ട്രയിൽ താനെയിൽ ഭിവാന്ദിയിലാണ് അപകടം. ഭിവാന്ദിയിലെ പട്ടേൽ കോമ്പൗണ്ട് പ്രദേശത്തുള്ള മൂന്ന് നില കെട്ടിടമാണ് തകർന്നു വീണത്.
പുലർച്ചെ 3.30 ഓടെയാണ് സംഭവം. ലഭ്യമായ വിവരമനുസരിച്ച്, 1984ൽ നിർമ്മിച്ച ജിലാനി അപ്പാർട്ട്മെന്റ് ആണ് തകർന്ന് വീണത്. ദുരന്ത വിവരം അറിഞ്ഞയുടൻ തന്നെ പൂനെയിൽ നിന്നും NDRF സംഘം രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയിരുന്നു.