വിവാഹം കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറാതെ നവവധു,വീട്ടുകാരുപേക്ഷിച്ചതോടെ അഭയം പോലീസ് സ്‌റ്റേഷനില്‍,ഒടുവില്‍ മെയ്ക്കാടുകാരനായ കാമുകനെത്തി ഏറ്റെടുക്കല്‍,കണ്ണൂരില്‍ നടന്നത് സിനിമാകഥയെ വെല്ലുന്ന സംഭവങ്ങള്‍

കണ്ണൂര്‍ :വിവാഹവേളയില്‍ വിയോജിപ്പറിയിച്ച് കല്യാണത്തില്‍ നിന്നും പിന്‍മാറിയ വാഗമണ്ണിലെ യുവതി സമഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത്.എന്നാല്‍ കണ്ണൂര്‍ തളിപ്പറമ്പിലുണ്ടായത് ഇതിനേക്കാള്‍ ഒരുപടികടന്ന സംഭവമാണ്.
നാട്ടുകാരേയും ബന്ധുക്കളേയും വിളിച്ചുകൂട്ടി ആഘോഷമായിത്തന്നെ വിവാഹം നടന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് വരന്റെ വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ താന്‍ വരന്റെ വീട്ടില്‍ കയറില്ലെന്ന വാശിയില്‍ യുവതി നിന്നതോടെ വരനും ബന്ധുക്കളും അങ്കലാപ്പിലായി.ഒടുവില്‍ പെണ്‍കുട്ടി പിണങ്ങിയിറങ്ങുകയും ചെയ്തു.ഈ സംഭവത്തിനിപ്പോള്‍ അപ്രതീക്ഷി ക്ലൈമാക്‌സ് ആണ് ഉണ്ടായിരിയ്ക്കുന്നത്.മെയ്ക്കാട് പണിക്കാരനായ കാമുകനൊപ്പം പെണ്‍കുട്ടി പോയതോടെ ബന്ധുക്കളും നാട്ടുകാരുമെല്ലാം ഞെട്ടിത്തരി്ച്ചിരിയ്ക്കുകയാണ്.

സംഭവം ഇങ്ങനെയാണ്…

ഒരു വര്‍ഷം മുമ്പാണ് ദുബായില്‍ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശിയുമായി പയ്യന്നൂര്‍ കോറോത്തെ യുവതിയുടെ വിവാഹം നിശ്ചയിച്ചത്. തുടര്‍ന്ന് പ്രതിശ്രുതവരന്‍ സമ്മാനിച്ച മൊബൈല്‍ ഫോണിലൂടെ ഇരുവരും നിരന്തരം സംസാരിച്ചിരുന്നു.കഴിഞ്ഞ മാസം യുവാവ് വിഹാത്തിനായി നാട്ടിലെത്തി. ഞായറാഴ്ച ഇരുവരുടെയും വിവാഹം പയ്യന്നൂരിലെ ആഡിറ്റോറിയത്തില്‍ ആര്‍ഭാടമായി നടന്നു.എന്നാല്‍ വിവാഹം ശേഷം വണ്ണാരപ്പാറയിലെത്തിയ യുവതി വരന്റെ വീട്ടില്‍ കയറില്ലെന്ന് വാശി പിടിച്ചു. തുടര്‍ന്ന് ബന്ധുക്കളോടൊപ്പം തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടായി. ഇതോടെ പ്രശ്‌നം പൊലീസിന് മുന്നിലെത്തി. എസ്.ഐ കെ.പി. ഷൈന്‍ യുവതിയോട് സംസാരിച്ചുവെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു. തുടര്‍ന്ന് താലിമാല തിരിച്ചു തരണമെന്നായി വരന്റെ വീട്ടുകാര്‍. മാല ഊരി നല്‍കിയ യുവതി, തനിക്ക് പട്ടാമ്പിക്കാരനായ കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്ന് പൊലീസിനോട് പറഞ്ഞു. ഇതിനിടെ തങ്ങളെ അപമാനിച്ച മകളെ വേണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും യുവതിയെ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടു.

തുടര്‍ന്ന് പട്ടാമ്പിയിലുള്ള കാമുകനെ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ രണ്ടു വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധപ്പെട്ടതെന്നും പ്രണയത്തിലാണെന്നും അയാള്‍ പറഞ്ഞു. വൈകിട്ടോടെ കാമുകനും അമ്മയും ബന്ധുക്കളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി യുവതിയുമായി മടങ്ങി.