പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകളെണ്ണി തുടങ്ങിയപ്പോൾ മഹാസഖ്യത്തിന് ശുഭസൂചന. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ അരമണിക്കൂർ പിന്നിടുമ്പോൾ ആർജെഡിയും ബിജെപിയും ആണ് ഏറ്റവും കൂടുതൽ മുന്നിട്ട് നിൽകുന്നത്.
രാവിലെ 8.25ലെ ലീഡ് നില അനുസരിച്ച് മഹാസഖ്യം 42 സീറ്റിലും എൻഡിഎ 24 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. പോസ്റ്റൽ വോട്ടുകളുടെ അടിസ്ഥാനത്തിൽ ഫലം ഉറപ്പിച്ചു പറയാൻ സാധിക്കില്ലെങ്കിലും തപാൽ വോട്ടുകളിലുണ്ടായ ആർജെഡി മുന്നേറ്റം ശ്രദ്ധേയമായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നു. പോസ്റ്റൽ വോട്ടുകളിൽ ജെഡിയു പിന്നിൽ പോയതും ബിജെപി മുന്നേറുന്നതും ശ്രദ്ധേയമാണ്. ചിരാഗ് പാസ്വാനെ മുന്നിൽ നിർത്തിയുള്ള രാഷ്ട്രീയ നീക്കം ഭരണകക്ഷിയായ ജെഡിയുവിനെ വെട്ടിലാക്കി എന്ന സൂചനയാണ് ആദ്യഘട്ടത്തിൽ പുറത്തു വരുന്നത്.
ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. 243 അംഗ ബിഹാർ നിയമസഭയിൽ 122 ആണ് അധികാരം നേടാൻ വേണ്ട മാന്ത്രികസംഖ്യ. എൻഡിഎയിൽ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്.
നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം നാല് സീറ്റിലും മത്സരിക്കുന്നു.