ലണ്ടൻ: ബ്രിട്ടന്റെ പല മേഖലയിലും ശക്തമായ കാറ്റും കനത്ത മഴയ്ക്കും സ്കോട്ട്ലാൻഡിലും വടക്കൻ അയർലാൻഡിലും മഞ്ഞ് വീഴ്ചയ്ക്കും കാരണമായി ബെർട്ട് കൊടുങ്കാറ്റ് എത്തുന്നു. ശനിയാഴ്ചയോടെ ബെർട്ട് ബ്രിട്ടനിൽ കരതൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ 65 മുതൽ 96 കിലോമീറ്റർ വരെ ശക്തിയിലാവും ബെർട്ട് കരയിലെത്തുക. സ്കോട്ട്ലാൻഡിന്റെ വിവിധ ഭാഗങ്ങൾ, വടക്കൻ അയർലാൻഡ്, വെയിൽസിന്റെ വടക്കൻ മേഖല, ഇംഗ്ലണ്ടിന്റെ വടക്കൻ മേഖല എന്നിവിടങ്ങളെ സാരമായി ബാധിച്ചാവും ബെർട്ട് കടന്ന് പോവുക.
സ്കോട്ട്ലാൻഡിലെ മധ്യ ഭാഗത്ത് അടക്കം ആംബർ മുന്നറിയിപ്പാണ് നൽകിയിട്ടുളളത്. ശനിയാഴ്ചയും ഞായറാഴ്ചയും ശക്തമായ കാറ്റിനും മഴയ്ക്കുമുള്ള സാധ്യതയും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. കനത്ത മഴയിൽ ഇംഗ്ലണ്ടിലെ വടക്കൻ മേഖലകളിൽ പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാവാനുള്ള സാധ്യതയും അവഗണിക്കാനാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ഇംഗ്ലണ്ടിന്റ വിവിധ മേഖലകളിൽ കഴിഞ്ഞ ആഴ്ച തന്നെ മഞ്ഞ് വീഴ്ച ശക്തമായിരുന്നു. വെയിൽസിലും അയർലാൻഡിന്റെ വടക്കൻ മേഖലയും ഉൾപ്പെടെ മിക്കയിടങ്ങളിലും യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. കോർക്ക്. ഗാൽവേ തുടങ്ങിയ മേഖലയിൽ മഴ കനത്ത നാശം വിതയ്ക്കുമെന്നാണ് ഐറിഷ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.
ശക്തമായ കാറ്റിൽ കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നഷ്ടമുണ്ടാകാനുള്ള സാധ്യതയും ഐറിഷ് കാലാവസ്ഥാ വകുപ്പ് നൽകുന്നുണ്ട്. ബെർട്ട് കൊടുങ്കാറ്റ് ഇംഗ്ലണ്ടിന്റെ കിഴക്കൻ മേഖലയിലേക്കാണ് നീങ്ങുന്നത്. തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയിൽസിലെ തെക്കൻ മേഖലയിലും 150 മില്ലി മീറ്റർ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്ക് പുറമേ മറ്റ് മേഖലകളിൽ ബെർട്ട് മഞ്ഞ് വീഴ്ച ശക്തമാക്കും.