വയനാട്: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ പിടികൂടുന്നതിനുള്ള മണ്ണുണ്ടി ഭാഗത്തെ ദൗത്യം അവസാനിപ്പിച്ചു. രണ്ടിടത്ത് തിരഞ്ഞെങ്കിലും ആന മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങിയതോടെയാണ് ദൗത്യസംഘം ശ്രമം താത്കാലികമായി അവസാനിപ്പിച്ചത്. അതേസമയം, സ്ഥലത്ത് നിന്ന് മടങ്ങാന്‍ തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നാണ് പ്രതിഷേധക്കാര്‍ വിമര്‍ശിക്കുന്നത്. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ആന നിരന്തരമായി സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതാണ് ദൗത്യത്തിന് പ്രതിസന്ധിയായത്. നേരത്തെ ബാവലി മേഖലയില്‍ ഉണ്ടായിരുന്ന കാട്ടാന പിന്നീട് മണ്ണുണ്ടി കോളനി ഭാഗത്തേക്ക് മാറി.വൈകുന്നേരമായിട്ടും മയക്കുവെടി വയ്ക്കാനുള്ള നീക്കം ഫലപ്രദമാകാതെ വന്നതോടെയാണു നാട്ടുകാർ വീണ്ടും സംഘടിച്ച് വനപാലകരെ തടഞ്ഞത്. കർണാടക അതിർത്തിയായ ബാവലിയോടു ചേർന്നുള്ള സ്ഥലത്താണ് ആനയ്ക്കായി രാവിലെ മുതൽ തിരച്ചിൽ നടത്തിയത്. ഇതിനിടെ റേഡിയോ കോളറിലെ സിഗ്നൽ ഉപയോഗിച്ചും ആന എവിടെയാണെന്ന് തിരിച്ചറിയാൻ സാധിച്ചു. എന്നാൽ ഉൾവനത്തിലായതിനാൽ വെടിവയ്ക്കാൻ സാധിച്ചില്ല.
ഇരുട്ടായതോടെ ആനയെ വെടിവയ്ക്കാനുള്ള ശ്രമം അവസാനിപ്പിക്കാൻ വനംവകുപ്പ് ശ്രമിച്ചതോടെയാണ് ആളുകൾ സംഘടിച്ച് പ്രതിഷേധം ആരംഭിച്ചത്. പൊലീസ് സംഭവസ്ഥലത്തുണ്ട്. ആളുകളെ നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നു. ശനിയാഴ്ച രാവിലെയാണ് പടമല പനച്ചിയിൽ അജിയെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നത്. പിന്നാലെ ആരംഭിച്ച പ്രക്ഷോഭത്തെ തുടർന്ന് ആനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ ക്യാംപിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.