31.1 C
Kottayam
Tuesday, April 23, 2024

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; അന്വേഷണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കോടതി,ഡിസംബര്‍ 15നകം അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവ്

Must read

 

തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ചു കൊന്ന കേസില്‍ അന്വേഷണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കോടതി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 15 നകം സമര്‍പ്പിക്കണമെന്നും തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. നിലവിലെ അന്വേഷണത്തിന്റെ മെല്ലെപ്പോക്കില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ച് തെളിവു നശിപ്പിച്ചതിനും എഫ് ഐ ആര്‍ വൈകിപ്പിച്ചതിനും മ്യൂസിയം സ്‌റ്റേഷനിലെ ക്രൈം എസ് ഐ ജയപ്രകാശിനെ നരഹത്യാ കേസില്‍ കൂട്ടുപ്രതിയാക്കണമെന്ന സിറാജ് മാനേജ്‌മെന്റിന്റെ ഹര്‍ജിയില്‍ പ്രത്യേക അന്വേഷണ സംഘത്തോട് വിശദീകരണം ബോധിപ്പിക്കാന്‍ മജിസ്‌ട്രേട്ട് എ അനീസ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ വഴി നല്‍കിയ വിശദീകരണത്തിലാണ് ശാസ്ത്രീയ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ ഓഗസ്റ്റ് മാസം മൂന്നിന് നടന്ന സംഭവത്തിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിലെ അതൃപ്തിയാണ് കോടതി ഇന്നലെ രേഖപ്പെടുത്തിയത്. അപകടം നടന്ന ശേഷം ഓഗസ്റ്റ് മാസം ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവാകുന്നത്. അടുത്ത മാസം 15ന് കേസ് വീണ്ടും പരിഗണിക്കും. അന്നോ അതിനു മുമ്പോ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.
ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്ന മ്യൂസിയം സ്‌റ്റേഷനിലെ ക്രൈം എസ് ഐ ജയപ്രകാശിനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഏഴിനാണ് സിറാജ് മാനേജ്‌മെന്റ് ഹര്‍ജി തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി(മൂന്ന്)യില്‍ സമര്‍പ്പിച്ചിരുന്നത്. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ശ്രീറാം വെങ്കിട്ടരാമനു വേണ്ടി മ്യൂസിയം ക്രൈം എസ് ഐ നടത്തിയത്. കേസില്‍ നിര്‍ണായക തെളിവാകേണ്ട രക്തപരിശോധന പോലീസിന്റെ ഒത്താശയോടെ ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അപകടം നടന്ന് കാലതാമസമില്ലാതെ നിര്‍ബന്ധമായും പരിശോധിക്കപ്പെടേണണ്ട രക്ത സാമ്പിള്‍ പരിശോധനയാണ് ശ്രീറാം വെങ്കിട്ടരമാന്‍ തന്റെ സ്വാധീനശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്. ഈ വിഷയത്തില്‍ ഉന്നത പോലീസ്/ ഉദ്യോഗസ്ഥതല ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ സസ്‌പെന്റ് ചെയ്തത്. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ അപകടം ഉണ്ടാക്കിയ കാര്‍ ആരാണ് ഓടിച്ചിരുന്നത് രേഖപ്പെടുത്തിയിരുന്നില്ല. സംഭവ സ്ഥലത്ത് വെച്ചു തന്നെ അപകടം ഉണ്ടാക്കിയ കാറിലുണ്ടായവരെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അവരുടെ പേരു വിവരങ്ങളും എസ് ഐ ജയപ്രകാശ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയില്ല. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 279, 304 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ആദ്യം ചെയ്തത്. 279-ാം വകുപ്പ് പ്രകാരം അമിത വേഗതയില്‍ അപകടമാം വിധം വാഹനമോടിച്ചതിനും 304 എ പ്രകാരം മനപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വാഹനമോടിച്ചത് ആരാണ് എന്നതിന് അറിയില്ല എന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നത്. ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്നതിനായി മദ്യപിച്ചു വാഹനമോടിച്ചുവെന്ന പരാമര്‍ശവും എഫ് ഐ ആറില്‍ ഉണ്ടായിരുന്നില്ല. പിന്നീട് മാധ്യമ സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഡീഷണല്‍ റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ വകുപ്പ് ചാര്‍ജ്ജ് ചെയ്യുന്നതും വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്യുന്നതും. ഇത്തരത്തില്‍ കേസില്‍ ഗുരുതരമായ ക്രമക്കേടും കൃത്യവിലോപവും കാട്ടിയ എസ് ഐയെ കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് മാനേജ്‌മെന്റിന്റെ ഹര്‍ജി. സിറാജ് ഡയറക്ടര്‍ എ സെയ്ഫുദ്ദീന്‍ ഹാജിക്കു വേണ്ടി അഡ്വ. എസ് ചന്ദ്രശേഖരന്‍ നായരാണ് കേസ് വാദിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week