ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരെ പരിഹസിച്ച് ബാബാ രാംദേവ്. രോഗ ബാധിതര്‍ ചികിത്സക്കായി ആശുപത്രികളില്‍ പോകരുതെന്നും, പകരം തന്റെ ഉപദേശം സ്വീകരിച്ചാല്‍ മതിയെന്നും വിഡിയോ സന്ദേശത്തില്‍ ബാബാ രാംദേവ് പറഞ്ഞു.
കൊവിഡ് രോഗികള്‍ക്ക് ശ്വാസമെടുക്കാന്‍ അറിയില്ല. നെഗറ്റിവിറ്റി പരത്തുകയും ഓക്സിജിന്‍ ക്ഷാമമാണെന്നും ശ്മശാനങ്ങളില്‍ സ്ഥലമില്ലെന്നും പരാതിപ്പെടുന്നുവെന്നും രാംദേവ് പറയുന്നു.
രാംദേവിന്റെ പരാമര്‍ശത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജോത് സിംഗ് ദാഹിയ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ രാംദേവിനെതിരേ ഉന്നതതല അന്വേഷണം വേണമെന്നും ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യണമെന്നുമാണ് ആവശ്യം.
ഇന്‍ജെക്ഷനുകളും റെംഡിസീവറും ഉപയോഗിക്കുന്നത് മരണത്തിന് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും രാംദേവ് പറഞ്ഞിരുന്നു. ഇതെല്ലാം പറയുന്ന രാംദേവിന്റെ വീഡിയോ ഉള്‍പ്പടെയുള്ള രേഖകള്‍ സമര്‍പ്പിച്ചാണ് ദാഹിയ പരാതി നല്‍കിയത്.
അതോടൊപ്പം കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കരുതെന്ന് രാംദേവ് ആഹ്വാനം ചെയ്തെന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ എപിഡമിക് ഡിസീസ് ആക്റ്റ്, 2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ് എന്നിവ പ്രകാരം രാംദേവിനെതിരെ കേസെടുക്കണമെന്നും ഡോ. ദാഹിയ ആവശ്യപ്പെട്ടു.
നേരത്തെ കൊവിഡിനെ പ്രതിരോധിക്കും എന്ന പേരില്‍ കൊറോണില്‍ എന്ന മരുന്ന് രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഇത്തരത്തില്‍ അംഗീകാരമൊന്നും നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ പിന്നീട് വ്യക്തമാക്കുകയായിരുന്നു.