പാലക്കാട് : കോയമ്പത്തൂര്‍ അവിനാശി ദുരന്തം , അപകടം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്പ് കണ്ടയിനര്‍ ലോറിയെ കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചു. അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടസമയത്ത് കണ്ടെയ്നര്‍ ലോറിയുടെ വേഗത മണിക്കൂറില്‍ 75 കിലോമീറ്ററെന്ന് കണ്ടെത്തി. അപകടത്തിന് മുമ്പ് ലോറി അര മണിക്കൂര്‍ നിര്‍ത്തിയിട്ടിരുന്നതായും മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണസംഘം കണ്ടെത്തി.
പുതിയ ലോറിയില്‍ രജിസ്ട്രേഷന്‍ സമയത്ത് ജിപിഎസ് ഘടിപ്പിച്ചിരുന്നതിനാലാണ് ഈ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. ആറുവരി പാതയില്‍ 75 കിലോമീറ്റര്‍ അമിത് വേഗമല്ലെങ്കിലും 35 ടണ്‍ ഭാരവുമായി ഇത്ര വലിയ വളവില്‍ ഈ വേഗതയില്‍ പോയത് അപകടകാരണമായതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.
അപകടത്തിന് മുമ്പ് ലോറി നിര്‍ത്തിയിട്ടത് ഡ്രൈവര്‍ ഹേമരാജിന് ഉറങ്ങാനായിരുന്നു എന്നാണ് കരുതുന്നത്. ഉറക്കക്ഷീണം മാറുന്നതിന് മുമ്പ് അലാറം വെച്ച് എഴുന്നേറ്റ് വീണ്ടും വാഹനം ഓടിച്ചിരിക്കാമെന്നും അന്വേഷണ സംഘം കരുതുന്നു. അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടയ്‌നര്‍ നിയന്ത്രണം വിട്ട് ഇടിച്ചാണ് 19 പേര്‍ മരിച്ചത്.