33.4 C
Kottayam
Tuesday, April 23, 2024

കുടുംബങ്ങള്‍ക്ക് 50000 രൂപ സഹായധനം നല്‍കുന്ന അതിജീവിക പദ്ധതിയുമായി സര്‍ക്കാര്‍,പണം ലഭിയ്ക്കുന്നതാര്‍ക്കൊക്കെ,അപേക്ഷയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

Must read

തിരുവനന്തപുരം: കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്കരിച്ച ‘അതിജീവിക’പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പദ്ധതിയുടെ സുഗമമായി നടത്തിപ്പിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ കുടുംബനാഥന്റെ വിയോഗം മൂലമോ അസുഖം മൂലമോ പ്രകൃതി ക്ഷോഭത്താലോ മറ്റ് കാരണത്താലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുന്നതിനാണ് അതിജീവിക പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പരമാവധി 50,000 രൂപയായിരിക്കും ഇടക്കാലാശ്വാസമായി ലഭ്യമാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെ ചുമതലയിലാകുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായാണ് അങ്കണവാടികള്‍ മുഖേന നടത്തുന്ന കുടുംബ സര്‍വേ പ്രകാരം സൂചിപ്പിക്കുന്നത്. കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലമോ പെട്ടന്നുണ്ടാകുന്ന അപകടങ്ങളാലോ മരണപ്പെടുകയോ ചെയ്യുമ്പോള്‍ സ്ഥിരവരുമാനം ഇല്ലാത്തതിനാല്‍ നിത്യചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചെലവുകള്‍ക്കും മറ്റും മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥ പെട്ടന്ന് സംജാതമാകുന്നു. ബാങ്ക് ലോണെടുത്തും മറ്റും നിര്‍മ്മിച്ച വീടുകളുടെ തിരിച്ചടവ്, ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി എടുത്ത ലോണ്‍ തിരിച്ചടവ് എന്നിവ മുടങ്ങുന്നത് കാരണം ഈ കുടുംബങ്ങള്‍ ജപ്തി ഭീഷണിയും നേരിടുന്നുണ്ട്. ഇത് പലപ്പോഴും കൂട്ട ആത്മഹത്യയിലേയ്ക്ക് എത്തിച്ചേരുന്ന സന്ദര്‍ഭങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ‘അതിജീവിക’പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഗുണഭോക്താക്കള്‍

ഭര്‍ത്താവ്, കുട്ടികള്‍, കുടുംബനാഥ എന്നിവര്‍ രോഗബാധിതരായി കിടപ്പു രോഗിയുള്ള കുടുംബം, പ്രകൃതി ദുരന്തത്താലോ, മനുഷ്യ വിപത്തിനാലോ വീട് നഷ്ടപ്പെട്ട് നാശം സംഭവിച്ച് വാടകയ്ക്ക് താമസിക്കാന്‍ കഴിയാതെ ബുദ്ധിമിട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, കട ബാധ്യത മൂലം കുടുംബനാഥ ജപ്തി ഭീഷണി നേരിടുന്ന കുടുംബം, ഭര്‍ത്താവിന്റെ അസുഖം/വിയോഗം മൂലം മക്കളുടെ പഠനത്തിന് ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, അസുഖം ബാധിച്ച് മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകള്‍ (വിധവകളെ കൂടാതെ അവിവാഹിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ വിവാഹ മോചിതര്‍) എന്നിവരാണ് ഗുണഭോക്താക്കള്‍.

അര്‍ഹത മാനദണ്ഡം

അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ താഴെയായിരിക്കണം. അപേക്ഷകര്‍ക്ക് പ്രായ പൂര്‍ത്തിയായ തൊഴില്‍ ചെയ്യുന്ന മക്കള്‍ ഉണ്ടായിരിക്കരുത്.

അപേക്ഷിക്കേണ്ട വിധം

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ അപേക്ഷ സ്വീകരിക്കുന്നതാണ്. ഇവ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് കൈമാറും. ലഭ്യമായ അപേക്ഷകളില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വിശദമായ അന്വഷണം നടത്തി ദുരിതമനുഭവിക്കുന്നവരാണെന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി കൂടി ഈ അപേക്ഷകള്‍ പരിഗണിച്ചാണ് ധന സഹായത്തിന് വനിത ശിശു വികസന ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുന്നത്. പരമാവധി 50,000 രൂപവരെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയ്ക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week