ചെന്നൈ: ജനജീവിതത്തിന് ഭീഷണിയായതോടെ മയക്കുവെടി വെച്ച് കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ്റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും വാർത്താക്കുറിപ്പിലൂടെ അധികൃതർ അറിയിച്ചു.
കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്താണ് അരിക്കൊമ്പൻ നിലവിലുള്ളതെന്നാണ് തമിഴ്നാട് വനംവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ നിന്ന് വ്യക്തമാക്കുന്നത്. ജനവാസ കേന്ദ്രങ്ങളിൽ മടങ്ങിയെത്താനുള്ള സാധ്യതകൾ നിലനിൽക്കെ 36 പേരടങ്ങുന്ന സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. അരിക്കൊമ്പൻ ആരോഗ്യവാനാണോ? സഞ്ചാരപാത എന്നിവയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.
അരിക്കൊമ്പനുള്ള മേഖല തിരിച്ചറിഞ്ഞ് ആ പ്രദേശത്ത് തുടർന്നാണ് പ്രത്യേക നിരീക്ഷണ സംഘം സാഹചര്യങ്ങൾ വിലയിരുത്തുന്നത്. ആനയുടെ തുമ്പിക്കൈയിലെ മുറിവ് ഭേദമായി. മയക്കുവെടി വെച്ച് പിടികൂടിയ ശേഷം ആനയ്ക്ക് ആവശ്യമായ വൈദ്യസഹായം അധികൃതർ അടിയന്തരമായി നൽകിയിരുന്നു. ഇതിന് ശേഷമാണ് ആനയെ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആരിക്കൊമ്പനെ തമിഴ്നാട് തുറന്നുവിട്ടത്.
അരിക്കൊമ്പന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ തമിഴ്നാട് വനം വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലും പുറത്തുവിട്ടിരുന്നു. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താർ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് അരിക്കൊമ്പൻ നിലയുറപ്പിച്ച ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ജലസംഭരണിക്ക് സമീപം പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.