27.8 C
Kottayam
Thursday, April 18, 2024

അർജന്റീനയ്ക്ക് ‘ജയം അനിവാര്യം, തോറ്റാൽ മെസിപ്പട പുറത്ത്, സമനില പിടിച്ചാലും പോളണ്ട് പ്രീക്വാര്‍ട്ടറില്‍

Must read

ദോഹ: ഖത്തർ ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്കു നിർണായകം. പോളണ്ടിനെതിരെ ജയിച്ചാൽ അടുത്ത റൗണ്ടിലേക്ക്. തോറ്റാൽ പുറത്ത്. സമനില നേടിയാൽ സൗദി അറേബ്യ–മെക്സിക്കോ മത്സരഫലം ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയിൽ ഒന്നാമതുള്ള പോളണ്ടിന് സമനില നേടിയാലും അടുത്ത റൗണ്ടിലെത്താം. സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ആദ്യ മത്സരത്തിൽ പെനൽറ്റി നഷ്ടമാക്കിയിരുന്നെങ്കിലും രണ്ടാം മത്സരത്തിൽ ഗോൾ നേടി ഫോമിലേക്കു തിരിച്ചെത്തി. ലെവൻഡോവ്സ്കിയിലാണ് പോളണ്ടിന്റെ പ്രതീക്ഷകൾ.

നേർക്കുനേർ

ഇരുടീമും നേർക്കുനേർ കളിച്ചതു 11 തവണ. 6 തവണ ജയം അർജന്റീനയ്ക്കൊപ്പം. 3 തവണ പോളണ്ട് ജയിച്ചു. 2 മത്സരം സമനിലയായി.

അർജന്റീന: ആദ്യ മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരായ അട്ടിമറി തോൽവിക്കു ശേഷം മെക്സിക്കോയ്ക്കെതിരെ 2–0നു ജയം. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട പ്രതിരോധനിര രണ്ടാം മത്സരത്തിൽ ഫോമിലായി. മെസ്സിയും എയ്ഞ്ചൽ ഡി മരിയയും ചേർന്നു നടത്തുന്ന മുന്നേറ്റത്തിലാണ് അർജന്റീനയുടെ പ്രതീക്ഷകൾ. മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ ഫോമിലെത്തിയിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ എൻ‌സോ ഫെർണാണ്ടസിനെ ആദ്യ ഇലവനിൽ പരിശീലകൻ ലയണൽ സ്കലോണി ഇറക്കിയേക്കും.

പോളണ്ട്: ആദ്യ മത്സരത്തിൽ മെക്സിക്കോയോടു സമനില. രണ്ടാം മത്സരത്തിൽ സൗദിയെ തോൽപിച്ചു. തോൽവി അറിയാതെയാണ് പോളണ്ടിന്റെ വരവ്. റോബർട്ട് ലെവൻഡോവ്സ്കി എന്ന താരത്തിലാണ് ടീമിന്റെ പ്രതീക്ഷ മുഴുവൻ. എന്നാൽ ലെവൻഡോവ്സ്കിക്കു പിന്തുണ നൽകാൻ ടീമിൽ മികച്ച ഫോർവേഡുകളില്ല. 2 മത്സരങ്ങളിലായി ഗോൾ വഴങ്ങിയിട്ടില്ലാത്ത പ്രതിരോധം ഇന്നു സമനിലയ്ക്കു ശ്രമിച്ചേക്കും. കഴിഞ്ഞ മത്സരത്തിൽ പെനൽറ്റി സേവ് ഉൾപ്പെടെ 5 സേവുകൾ നടത്തിയ ഗോൾകീപ്പർ വോയ്ചെക് ഷെസ്നി മികച്ച ഫോമിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week