അരവിന്ദ് കെജ്‌രിവാൾ റിമാൻഡിൽ;പത്ത് ദിവസം ഇഡി കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ പത്ത് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ട് ഡൽഹി റോസ് അവന്യൂ കോടതി. ഏപ്രില്‍ 1 വരെയാണ് കസ്റ്റഡി കലാവധി. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് ഇ ഡി ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടത്.
കള്ളപ്പണവെളുപ്പിക്കല്‍ നിരോധന നിയമത്തിൻ്റെ സെക്ഷന്‍ പത്തൊമ്പത് പ്രകാരമാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് വാദത്തിനിടെ ഇ ഡി കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് വിവരം കുടുംബത്തെ അറിയിച്ചെന്നും റിമാന്‍ഡ് അപ്ലിക്കേഷൻ്റെ കോപ്പി നല്‍കിയെന്നും കോടതിയെ അറിയിച്ചിരുന്നു.
അറസ്റ്റിൻ്റെ പശ്ചാത്തലം അരവിന്ദ് കെജ്‌രിവാളിന് എഴുതി നല്‍കിയെന്നും ഇഡി കോടതിയില്‍ അറിയിച്ചു. സുപ്രീം കോടതി സെന്തില്‍ ബാലാജി കേസില്‍ പുറപ്പെടുവിച്ച വിധിപകര്‍പ്പും ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. അരവിന്ദ് കെജ്‌രിവാളാണ് ഡല്‍ഹി മദ്യനയകേസിലെ സൂത്രധാരൻ ഇ ഡി കോടതിയില്‍ വാദിച്ചു. സൗത്ത് ഗ്രൂപ്പിന് അനുകൂലമായി ഡല്‍ഹി മദ്യനയം ആവിഷ്‌കരിക്കുന്നതില്‍ അരവിന്ദ് കെജ്‌രിവാള്‍ നേരിട്ട് ഇടപെട്ടെന്നും ഇ ഡി കോടതിയില്‍ വാദിച്ചു.
കേസിലെ മുഖ്യകണ്ണികളില്‍ ഒരാളായ വിജയ് നായര്‍ കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന വസതിയില്‍ താമസിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ ചുമതല വിജയ് നായര്‍ക്കായിരുന്നെന്നും ഇ ഡി ചൂണ്ടിക്കാണിച്ചു. ആം ആദ്മി പാര്‍ട്ടിക്കും സൗത്ത് ഗ്രൂപ്പിനും ഇടനിലക്കാരനായി നിന്നത് വിജയ് നായരായിരുന്നു. സൗത്ത് ഗ്രൂപ്പിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായി കൈക്കൂലി വാങ്ങിത്തരണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇ ഡി കോടതിയില്‍ വാദിച്ചു.
കേസിലെ മാപ്പ്‌സാക്ഷിയായ ശരത് റെഡ്ഡിയുടെ മൊഴിയും കോടതിയില്‍ വായിച്ചു. സൗത്ത് ഗ്രൂപ്പില്‍ നിന്നും ആം ആദ്മി പാര്‍ട്ടിക്ക് 45 കോടി രൂപലഭിച്ചെന്നും അത് 2022ല്‍ നടന്ന ഗോവ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും ഇ ഡി കോടതിയെ അറിയിച്ചു. 100 കോടിയുടെ അഴിമതി നടത്തിയെന്ന് മാത്രമല്ല അഴിമതിക്ക് സഹായിച്ചവര്‍ക്ക് ലാഭം ഉണ്ടാക്കാനും സഹായിക്കുകയും ചെയ്തു. ചെന്നൈയില്‍ നിന്നും പണം വരുകയും അത് ഗോവയിലേയ്ക്ക് പോകുകയും ചെയ്തുവെന്നും ഇ ഡി കോടതിയെ അറിയിച്ചു.
മൊഴികൾ മാത്രമല്ല ഉള്ളതെന്നും ഈ വിവരങ്ങൾക്ക് സിഡിആറുകളിലൂടെ സ്ഥിരീകരണമുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. കൈമാറിയ പണത്തിന്റെ തോത് എത്രയെന്ന് ദയവായി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട ഇഡി എവിടെ നിന്നാണ് അവര്‍ക്ക് പണം കിട്ടിയതെന്നും ചോദിച്ചു. കൈക്കൂലിയിലൂടെയാണ് ഈ പണം സ്വരൂപിച്ചതെന്നും ഇ ഡി ചൂണ്ടിക്കാണിച്ചു. ദയവായി കള്ളപ്പണവെളുപ്പിക്കല്‍ നിരോധന നിയമം ശ്രദ്ധിക്കണമെന്നും ഇ ഡി കോടതിയോട് അഭ്യർത്ഥിച്ചു. അരവിന്ദ് കെജ്‌രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി കോടതിയോട് അഭ്യർത്ഥിച്ചു.
അധികാരമുണ്ടെന്ന് പ്രയോഗിക്കാനുള്ള അവകാശമല്ല അറസ്റ്റെന്ന് അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്ങ്‌വി വാദിച്ചു. അടിസ്ഥാന വിവരങ്ങൾ കൈവശമുണ്ടെങ്കിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്നും അഭിഷേക് സിങ്ങ്‌വി ചോദിച്ചു. ഒന്നാം സാക്ഷി മൊഴിനല്‍കി അതില്‍ കെജ്‌രിവാളിനെതിരായി പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല. പിന്നെയും മൊഴി നല്‍കി അപ്പോഴും കെജ്‌രിവാളിനെതിരായി ഒന്നുമുണ്ടായിരുന്നില്ല. അടുത്തഘട്ടം ഒന്നാം സാക്ഷിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാംഘട്ടം അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുക എന്നതായിരുന്നു. നാലാം ഘട്ടം സുപ്രഭാതത്തില്‍ ആയളെ മാപ്പുസാക്ഷിയാക്കി മാറ്റുകയെന്നതായിരുന്നു. അഞ്ചാംഘട്ടം ഇയാള്‍ കെജ്‌രിവാളിനെതിരെ ബുദ്ധിപരമായ മൊഴിയുമായി വരികയായിരുന്നുവെന്നും അഭിഷേക് സിങ്ങ്‌വി ചൂണ്ടിക്കാണിച്ചു.
വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത കെജ്‌രിവാളിനെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. ഇ ഡി ആസ്ഥാനത്ത് നിന്നും റോസ് അവന്യൂ കോടതിവരെയുള്ള ഇടങ്ങളിലെല്ലാം പ്രതിഷേധ സാധ്യതകണക്കിലെടുത്ത് പൊലീസുകാരെ വിന്യസിച്ചിരുന്നു. കോടതി പരിസരത്തും കനത്ത പൊലീസ് വലയമാണ് തീർത്തിരുന്നത്.
നേരത്തെ ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പിൻവലിച്ചിരുന്നു. ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേഖ് മനു സിങ്‍വി കോടതിയെ അറിയിച്ചു.
കെജ്‍രിവാൾ സമർപ്പിച്ച ഹർജി മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡി കവിയറ്റ് ഹർജി നൽകിയിരുന്നു. ഇഡിയുടെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് കെജ്രിവാൾ താൻ നൽകിയ ഹർജി പിൻവലിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഒമ്പത് തവണയാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നത്. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്.
ജയിലില്‍ പോകേണ്ടി വന്നാലും കെജ്‌രിവാള്‍ രാജിവെക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്.ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഡൽഹിയിലെ ബിജെപി ഓഫീസിലേക്ക് ആംആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ച മന്ത്രിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തെരുവിലൂടെ വലിച്ചിഴച്ചാണ് മന്ത്രിമാരെ കൊണ്ടുപോയത്. സൗരവ് ഭരദ്വാജിനെയും അതിഷി മർലേനയെയുമാണ് തെരുവിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. രാജ്യതലസ്ഥാനത്ത് നടക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്ത സംഭവങ്ങളെന്ന് അതിഷി മർലേന പ്രതികരിച്ചു. ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.