കോട്ടയം:പാലാ രൂപതയുടെ കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ‘ആന്റി നാർകോട്ടിക് ജാഗ്രത സെല്ലുകൾ’ രൂപവത്കരിക്കുന്നു. പാലാ ബിഷപ്പിന്റെ വിവാദമായ നാർകോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെയാണ് രൂപതയുടെ കീഴിലുള്ള കെ.സി.ബി.സി. ആന്റി നാർകോട്ടിക് സെല്ലുകൾ രൂപവത്കരിക്കുന്നത്. മദ്യ-ലഹരിമരുന്ന് ഉപയോഗം തടയാനാണ് സെല്ലുകൾ രൂപവത്കരിക്കുന്നതെന്നാണ് കെ.സി.ബി.സി.യുടെ വിശദീകരണം.
നേരത്തെ പാലാ ബിഷപ്പിന്റെ വിവാദ പരാമർശങ്ങളിൽ വലിയ വിമർശനങ്ങളുയർന്നിരുന്നു. സ്വന്തം സമുദായത്തിലെ യുവാക്കൾ ലഹരി ഉപയോഗത്തിലേക്ക് പോകാതിരിക്കാൻ കരുതൽ സ്വീകരിക്കണമെന്നായിരുന്നു വിമർശനം. ഇതുകൂടി കണക്കിലെടുത്താണ് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി ആന്റി നാർകോട്ടിക് ജാഗ്രത സെല്ലുകളും രൂപവത്കരിക്കുന്നത്. സമുദായത്തിലെ യുവാക്കൾ ലഹരിമരുന്ന് ഉപയോഗത്തിലേക്ക് കടക്കാതിരിക്കാനുള്ള കരുതലാണ് ഇത്തരം സെല്ലുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിശദീകരണം. നാർകോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പൂർണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, പാലാ ബിഷപ്പിന്റെ പ്രസ്താവന നിർഭാഗ്യകരമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. മതമേലധ്യക്ഷന്മാർ മിതത്വം പാലിക്കണമെന്നും എൻ.എസ്.എസിന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹമെന്ന വജ്രായുധം ഉപയോഗിച്ചും മറ്റു പ്രലോഭനങ്ങൾ ഉപയോഗിച്ചും പെൺകുട്ടികളെ വലയിൽവീഴ്ത്തി നിർബന്ധിത മതപരിവർത്തനം ചെയ്യുന്ന ഭീകരവാദ പ്രവർത്തനം നാട്ടിൽ പലയിടത്തുമുണ്ടെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നേരത്തെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇത്തരക്കാരെ കണ്ടുപിടിച്ച് അമർച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയും പരിവേഷം നൽകുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.