തൃശൂര്‍: കോടികളുടെ വന്‍ വായ്പാ തട്ടിപ്പ് നടന്ന കരിവന്നൂര്‍ ബാങ്കില്‍ നിന്നു വായ്പ യെടുത്തവരില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. ആലപ്പാടന്‍ ജോസാണ് (60) ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന് സമീപത്തെ മരത്തിലാണ് ജോസ് തൂങ്ങിമരിച്ചത്.
സിപിഎം നിയന്ത്രണത്തിലുള്ള കരിവന്നൂര്‍ ബാങ്കില്‍ നിന്നു വായ്പ്പയെടുത്ത് പ്രതിസന്ധിയിലായ രണ്ടാമത്തെയാളാണ് ഇത്തരത്തില്‍ ജീവനൊടുക്കുന്നത്. നേരത്തെ ഇരിങ്ങാലക്കുട സ്വദേശി മുകുന്ദനും സമാനമായ രീതിയില്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതോടെ ജീവനൊടുക്കിയിരുന്നു.
മകളുടെ വിവാഹാവശ്യത്തിനായി കല്‍പണിക്കാരനായിരുന്ന ജോസ് നാല് ലക്ഷം രൂപയാണ് കരിവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നത്. എന്നാല്‍ കൊറോണയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചത്. ഇതോടെ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ജോസ്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള കരിവന്നൂര്‍ ബാങ്കില്‍ കോടികളുടെ വന്‍വായ്പാ തട്ടിപ്പ് നടന്നതായി കണ്ടെത്തിയരുന്നു. നൂറിലധികം വ്യാജ വായ്പകളാണ് ഭരണസമിതിയുടെ പങ്കോട് കൂടി നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ 12 ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. എന്നാല്‍ കോടികള്‍ വായ്പ്പയെടുത്ത് മുങ്ങിയവര്‍ക്കെതിരെ ജപ്തിയടക്കമുള്ള നടപടികള്‍ സ്വീകരിക്കാതെ സാധാരണക്കാരെ മാത്രം ലക്ഷ്യമിട്ട് ബാങ്ക് ജപ്തി നടപടികള്‍ എടുക്കുന്നുവെന്നാണ് വിമര്‍ശനം.