ആലപ്പുഴ: വിദ്യാര്‍ത്ഥിനിയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ അഗ്‌നിബാധ. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ എക്‌സൈസ് ഓഫീസ് കോമ്പൗണ്ടിലാണ് സംഭവം, ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ട ആമിന അവിടെയുണ്ടായിരുന്ന ബൈക്കിലേക്കും കാറിലേക്കും സമീപത്തുള്ള തെങ്ങിലേക്കും തീ പടരുന്നുണ്ടെന്നും ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. പിതാവ് ഷാജിയും ഈ സമയം ആമിനയ്ക്ക് ഒപ്പമുണ്ടായിരുന്നു
എസ്റ്റിന്‍ഗ്യൂഷര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാമെന്നും തീയണയ്ക്കാന്‍ വേണ്ടി എത്രയും വേഗം എസ്റ്റിന്‍ഗ്യൂഷര്‍ വേണമെന്നും സ്ഥലത്തുണ്ടായിരുന്ന വനിതാ എക്‌സൈസ് ജീവനക്കാരോട് ആമിന ആവശ്യപ്പെട്ടു.തീ പിടിച്ച വിവരം ആലപ്പുഴ അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്തു. എസ്റ്റിന്‍ഗ്യൂഷര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആമിനയും പിതാവ് ഷാജിയും എക്‌സൈസ് വനിതാ ജീവനക്കാരും ചേര്‍ന്ന് ലഭ്യമായ വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചു കൊണ്ടിരുന്നു. തീപിടുത്തമുണ്ടായ തെങ്ങിന് എതിര്‍വശത്ത് നഗരത്തിലെ വലിയ രണ്ട് പെട്രോള്‍ പമ്പുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ എത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ബൈക്കിലേയ്ക്കും കാറിലേയ്ക്കും തെങ്ങിന് മുകളിലേക്കും പടര്‍ന്ന് കയറിയ തീ പൂര്‍ണമായും കെടുത്തി. സ്‌കൂളില്‍ വച്ച് നടന്ന ഫയര്‍ ആന്റ് റെസ്‌ക്യു അവെയര്‍നസ് ക്ലാസ്സില്‍ നിന്നാണ് ഈ ധൈര്യവും അറിവും തനിക്ക് ലഭിച്ചതെന്നാണ് ആമിന പറയുന്നത്.