ആസിഫലിയും കുടുംബവും കാണുമെന്ന് ഭയന്നു; ഇനി നടന്റെ സിനിമയിലേക്ക് വിളിക്കില്ലെന്ന് കരുതി; ഐശ്വര്യ ലക്ഷ്മി

കൊച്ചി:മലയാളത്തിലെ മുൻനിര നായിക നടിമാരിൽ‌ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ വൻ ജനപ്രീതി നേടിയ ഐശ്വര്യ ലക്ഷ്മി ഇന്ന് തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന നടിയാണ്. മറ്റ് നായികമാരിൽ നിന്ന് വ്യത്യസ്തമായാണ് തമിഴിലും തെലുങ്കിലും ഐശ്വര്യ ലക്ഷ്മി കരിയർ വളർത്തുന്നത്. ​

ഗാന രം​​ഗങ്ങളിൽ മാത്രം വന്നു പോവുന്ന നായികാ വേഷം ചെയ്യാൻ ഐശ്വര്യ ഇതുവരെ തയ്യാറായിട്ടില്ല. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ആണ് ഐശ്വര്യ തമിഴിൽ ജനപ്രീതി നേടിയിരിക്കുന്നത്. തെലുങ്കിൽ‌ അമ്മു എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രവും ചെയ്തു. ​

ഗട്ട​ ഗുസ്തി ആണ് ഐശ്വര്യയുടെ വരാനിരിക്കുന്ന തമിഴ് സിനിമ. സിനിമയുടെ പ്രൊമോഷൻ‌ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഐശ്വര്യ ലക്ഷ്മി. വിഷ്ണു വിശാൽ ആണ് സിനിമയിലെ നായകൻ. മലയാളി പെൺകുട്ടിയുടെ വേഷമാണ് ഐശ്വര്യ സിനിമയിൽ ചെയ്യുന്നത്. ഇപ്പോഴിതാ ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ തമിഴ് സിനിമാ കരിയറിനെക്കുറിച്ചും മറ്റും ഐശ്വര്യ സംസാരിച്ചു.

‘പൂങ്കുഴലി കഥാപാത്രത്തിന് തമിഴ്നാട്ടിൽ നിന്നും വളരെ സ്നേഹം ലഭിച്ചു. സിനിമയിൽ പൂങ്കുഴലി സമുദ്രത്തിൽ നിന്ന് പൊങ്ങി വരുന്ന സീനുണ്ട്. മണിരത്നം സാറിന് അത് വളരെ ​ഗ്രേസ്ഫുളായി വേണമായിരുന്നു. പക്ഷെ എനിക്കത് കുറച്ച് ബുദ്ധിമുട്ട് ആയിരുന്നു. ഭാ​ഗ്യത്തിന് ആ സീനിന്റെ പകുതി അവർ കട്ട് ചെയ്തു’

‘സമുദ്രത്തിൽ നിന്നും ​​ഗ്രേസ് ഫുളായി വരാൻ എനിക്ക് അറിയില്ലായിരുന്നു. അത് കട്ട് ചെയ്യുമോ എന്ന് അസിസ്റ്റന്റ്സിനോട് ഞാൻ ചോദിച്ചിരുന്നു. കാരണം ഡബ്ബിം​ഗിന്റെ സമയത്ത് ഞാനത് കണ്ടിരുന്നു. വളരെ മോശം ആയെന്ന് തോന്നി’

‘അമിതമായി ചിന്തിച്ച് ടെൻഷനിക്കുന്നതിനെ പറ്റിയും ഐശ്വര്യ ലക്ഷ്മി സംസാരിച്ചു. കുമാരി പ്രൊമോഷൻ നടന്ന് കൊണ്ടിരിക്കുമ്പോൾ ആസിഫലിയിൽ എന്താണിഷ്ടം എന്താണിഷ്ടമാവാത്തതെന്ന് ഒരു അഭിമുഖത്തിൽ ചോദ്യം വന്നു. ഭയങ്കര കുരുത്തക്കേടാണെന്ന് ഞാൻ പറഞ്ഞു. അത് പറഞ്ഞ് ഒരു സെക്കന്റിനുള്ളിൽ ടെൻഷൻ ആയി’

‘ഇന്റർവ്യൂ എയർ ചെയ്ത് അത് അവർ കണ്ട്, അവരുടെ ഫാമിലിയും എന്റെ ഫാമിലിയും കണ്ട്. അതിന് ശേഷം എന്നെ വിളിച്ച് നീ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിക്കുമെന്നും ആസിഫലിയുടെ സിനിമയിലേക്കേ എന്നെ വിളിക്കില്ലെന്നും ഞാൻ പേടിച്ചു. പക്ഷെ അങ്ങനെ ഒന്നും നടന്നില്ല,’ ഐശ്വര്യ ലക്ഷ്മി ചിരിച്ച് കൊണ്ട് പറഞ്ഞു.

കുമാരി ആണ് മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ഐശ്വര്യ ലക്ഷ്മിയുടെ സിനിമ. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സ്വാസിക തുടങ്ങിയവർ ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ഐശ്വര്യ ലക്ഷ്മി ഉള്ളതെന്നാണ് ആരാധകർ പറയുന്നത്.

നടിയുടേതായി നിരവധി സിനിമകളാണ് ഇതിനകം പുറത്തിറങ്ങിയത്. തമിഴിൽ നിന്നും നിരവധി ഓഫറുകൾ ഐശ്വര്യയെ തേടി വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ കിം​ഗ് ഓഫ് കോത്ത ആണ് ഐശ്വര്യയുടെ അടുത്ത സിനിമ. ദുൽഖർ സൽമാനാണ് സിനിമയിലെ നായകൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Exit mobile version