അഫീലിന്റെ തലയില്‍ വീണ ഹാമര്‍ കഴുകി മത്സരം വീണ്ടും തുടര്‍ന്നു, മത്സരം നിര്‍ത്തിവെക്കാന്‍ പോലും തയ്യാറായില്ല; സംഘാടകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും

കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് അഫീല്‍ ജോണ്‍സണ്‍ (16) മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അപകടത്തെതുടര്‍ന്ന് മന:പൂര്‍വല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, 17 ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ കഴിഞ്ഞ ദിവസം അഫീല്‍ മരിച്ചതോടെ സംഘാടകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനുള്ള തെളിവുകള്‍ തേടുകയാണ് പോലീസ്. വ്യക്തമായ തെളിവുകള്‍ ലഭിച്ചാലുടന്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പാലാ സി.ഐ വ്യക്തമാക്കി. സംഘാടകരായ അഞ്ചുപേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. പാലാ പോലീസ് ഇരുപതിലധികം പേരെ ഇതിനോടകം ചോദ്യം ചെയ്തിരുന്നു. അത്ലറ്റിക് അസോസിയേഷന്റെ കായിക മേളകള്‍ സംബന്ധിച്ചുള്ള നിയമാവലികളും പോലീസ് പരിശോധിക്കുന്നു. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളാനുള്ള സാദ്ധ്യതകളും പോലീസ് തള്ളിക്കളയുന്നില്ല.

മത്സരം നിയന്ത്രിച്ചിരുന്ന ഒഫിഷ്യല്‍സ്, മത്സരക്രമം നിശ്ചയിച്ചവര്‍, സംഘാടകരിലെ മറ്റു ചുമതലക്കാര്‍ എന്നിവരില്‍ നിന്നും കഴിഞ്ഞ ദിവസം കൂടുതല്‍ വിവരങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞിരിന്നു. അഫീലിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ ദൂരപരിധി ലംഘിച്ച് ഒരേസമയം ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ എന്നീ മത്സരങ്ങള്‍ നടത്തിയതെന്ന് മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. മീറ്റിലുണ്ടായിരുന്ന ഒഫിഷ്യസ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയതായും അറിയുന്നു. കേരള സര്‍വകലാശാല കായിക വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ.കെ.കെ.വേണു, സായി മുന്‍ പരിശീലകന്‍ എം.ബി.സത്യാനന്ദന്‍, ബാഡ്മിന്റണ്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ വി.ജിജു എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.

Loading...

കഴിഞ്ഞ നാലാം തീയതിയാണ് അത്ലറ്റിക് മീറ്റിനിടെ അപകടമുണ്ടായത്. തുടര്‍ന്ന് കളി നിറുത്തിവയ്കാന്‍ പോലും സംഘാടകര്‍ തയാറായില്ല. അഫീലിനെ ആശുപത്രിയിലാക്കിയശേഷം തലയില്‍ പതിച്ച ഹാമര്‍ കഴുകി സംഘാടകര്‍ കളി തുടര്‍ന്നുവെന്ന ആക്ഷേപം ഉണ്ടായിരുന്നു. അടുത്ത ദിവസം പോലീസ് എത്തിയാണ് മത്സരം നിറുത്തിവയ്പ്പിച്ചത്. ജാവലിന്‍ത്രോയും ഹാമര്‍ത്രോയും അടുത്തടുത്ത സ്ഥലത്ത് നടത്താന്‍ പാടില്ലെന്നാണ് നിയമം. രണ്ടു മത്സരങ്ങളും ഒരേസമയം നടത്തുകയാണെങ്കില്‍ നിശ്ചിത അകലം പാലിക്കണമെന്നും കായിക വകുപ്പിന്റെ ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പാലായില്‍ മേള നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Loading...

Comments are closed, but trackbacks and pingbacks are open.

%d bloggers like this: