
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ ചികിത്സയിലുള്ള പ്രതി രണ്ട് ദിവസം കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് ചെയ്താൽ ജയിലിൽ എത്തിക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം മറ്റു കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തും. കടബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്നാണ് ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പറഞ്ഞത്.
നിലവിൽ ചികിത്സയിൽ കഴിയുന്ന ഷെമിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. ആശുപത്രിയിലെത്തി മെഡിക്കൽ രേഖകൾ വീണ്ടും പരിശോധിക്കും. ബന്ധുക്കളോടും ഡോക്ടർമാരോടും സംസാരിച്ചതിന് ശേഷം വെള്ളിയാഴ്ച മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
മറികടക്കാനാകാത്ത സാമ്പത്തിക പ്രതിസന്ധി, ഇഷ്ടപ്പെട്ട പെൺകുട്ടിയോടൊപ്പം ജീവിക്കാൻ സാധിക്കാതെ വരുന്ന കടുത്ത നിരാശ, അങ്ങനെ ജീവിതം എല്ലാ നിലയ്ക്കും വഴിമുട്ടി നിന്നപ്പോൾ 23-കാരൻ ചെയ്ത ക്രൂരകൃത്യമെന്നാണ് പോലീസ് നിഗമനത്തിൽ എത്തിയിരിക്കുന്നത്. തുടക്കത്തിൽ പ്രതി പറഞ്ഞ മൊഴി ഇപ്പോൾ പോലീസ് വിശ്വാസത്തിൽ എടുക്കുകയാണ്. വിശദമായ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
സൽമാ ബീവിയുടെ കൊലപാതകക്കേസ് പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ്. പാങ്ങോട് പോലീസാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ പ്രതിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ല. എന്നാൽ എലിവിഷം കഴിച്ചതിനാൽ തുടർന്നുള്ള ദിവസം ആരോഗ്യം മോശമാകാനുള്ള സാധ്യതയുണ്ട് . അതുകൊണ്ട് തന്നെ രണ്ട് ദിവസം ആശുപത്രിയിൽ തുടരട്ടെ എന്നാണ് പോലീസ് തീരുമാനം. ആരോഗ്യനിലതൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ജയിലിലേക്ക് മാറ്റാം എന്നാണ് പോലീസ് തീരുമാനം.
മജിസ്ട്രേറ്റിനെ ആശുപത്രിയിൽ എത്തിച്ചാണ് പോലീസ് ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അഞ്ച് കൊലപാതകം, ഒരു കൊലപാതകശ്രമം എന്നീ ആറ് കേസിൽ ഒന്നിൽ മാത്രമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിയുടെ മാതാവ് ഷെമിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും മൊഴിയെടുക്കാൻ പ്രശ്നമില്ലെന്നും കഴിഞ്ഞ ദിവസം ഷെമിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞിരുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി. എസ്. മഞ്ജുലാൽ ഇന്ന് ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ പറയുന്ന തരത്തിലേക്ക് ആരോഗ്യനിലമെച്ചപ്പെട്ടിട്ടില്ലെന്നും കാത്തിരിക്കാമെന്നുമാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. മൊഴിയെടുക്കുന്നതിലൂടെ കേസിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.