നടി റിച്ച ഛദ്ദയുടെ ട്വീറ്റ് സൈന്യത്തെ അപമാനിക്കുന്നതെന്ന് വിമർശനം; മാപ്പ് പറഞ്ഞ് നടി

മുംബൈ: സൈന്യത്തെ അധിക്ഷേപിച്ചെന്ന വിമർശനത്തെ തുടർന്ന് മാപ്പ് പറഞ്ഞ് നടി റിച്ച ഛദ്ദ. ആരെയും വേദനിപ്പിക്കുകയല്ല തന്റെ ഉദ്ദേശ്യമെന്നും തന്റെ വാക്കുകൾ മനഃപൂർവമല്ലെങ്കിലും ആർക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടുട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും താരം ട്വീറ്റ് ചെയ്തു.  ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചെന്നും പരിഹസിച്ചെന്നും ആരോപിച്ച് സോഷ്യൽ മീഡിയയിൽ റിച്ചക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. നടി മാപ്പ് പറയണമെന്നും അല്ലെങ്കിൽ കേസെടുക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. 

പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് റിച്ച ഛദ്ദ വിവാദ പരാമർശം നടത്തിയത്. Galwan says hi എന്നായിരുന്നു റിച്ചയുടെ ട്വീറ്റ്.

തുടർന്ന് 2020ൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഗാൽവാൻ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യത്തെ പരിഹസിക്കുകയും ജവാന്മാരുടെ ത്യാഗത്തെ ഇകഴ്ത്തുകയും ചെയ്തെന്ന് രൂക്ഷവിമർശനമുയർന്നു. സംഭവം വിവാദമായതോടെ താരം തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ മാപ്പ് ചോദിച്ചു. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും മനപ്പൂർവമല്ലെന്നും റിച്ച പറഞ്ഞു.

തന്റെ മുത്തച്ഛനും സ​ഹോദരന്മാരും സൈന്യത്തിലായിരുന്നെന്നും റിച്ച ഛദ്ദ തന്റെ ക്ഷമാപണ ട്വീറ്റിൽ പറഞ്ഞു. ഇന്ത്യ-ചൈന യുദ്ധത്തിൽ ലെഫ്റ്റനന്റ് കേണൽ ആയിരുന്ന തന്റെ മുത്തച്ഛന് കാലിൽ വെടിയേറ്റിരുന്നെന്നും അവർ വ്യക്താക്കി. വിവാദ ട്വീറ്റിനെ തുടർന്ന് സുപ്രിം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ റിച്ചയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

ട്വീറ്റിനെതിരെ കർശന നടപടിയെടുക്കണമെന്ന് ശിവസേന വക്താവ് (ഉദ്ധവ് വിഭാഗം) ആനന്ദ് ദുബെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകാന്ത് ഷിൻഡെയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടു. നടിയുടെ പ്രസ്താവന അപമാനകരമാണെന്ന് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു.

പാകിസ്ഥാൻ അധിനിവേശ കശ്മീർ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കവെയാണ് ഇന്ത്യൻ സർക്കാരിന്റെ ഏത് ഉത്തരവും ഇന്ത്യൻ സൈന്യം നടപ്പാക്കുമെന്ന്  ലെഫ്റ്റനന്റ് ജനറൽ ദ്വിവേദി പറഞ്ഞത്. 2020 ജൂണിൽ ലഡാക്കിലെ ഗാൽവാനിൽ ചൈനീസ് പി‌എൽ‌എയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Exit mobile version