കൊച്ചി: സിനിമ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററും ആയിരുന്ന നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് നടന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
“പ്രണാമം ..സിനിമ സീരിയൽ നടനും ..പ്രോഗ്രാം കോർഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടൻ അന്തരിച്ചു ..പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ..എല്ലാവരോടും സ്നേഹമായി പെരുമാറിയിരുന്ന ആൾ ..ഞാൻ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആൾ ..ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോൺ വരുമ്പോൾ ഞാൻ കട്ടപ്പനയിൽ ആണ് ..ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ..അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകൾ പോയി തുടങ്ങിയിരുന്നു ..ആരുടേയും സഹായത്തിനു കാത്തു നിൽക്കാതെ ..ഒരുപാട് പേർക്ക് ഉപകാരിയായിരുന്ന ചേട്ടൻ യാത്രയായി ..എന്ത് പറയാൻ ..ഒന്നുമില്ലപറയാൻ “, എന്നാണ് അനുശേചനം അറിയിച്ചു കൊണ്ട് സീമ ജി നായർ കുറിച്ചത്.
മലയാള സിനിമയില്‍ ഒട്ടേറെ നല്ല സിനിമകള്‍ നിര്മ്മിക്കുയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് കാര്യവട്ടം ശശികുമാര്‍. കെ എസ് ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ‘ക്രൈം ബ്രാഞ്ച്’ ആണ് കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം ചിത്രം. ക്രൂരന്, ജഡ്ജ്മെന്റ്, മിമിക്സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്മണി തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയകൃഷ്ണൻ സംവിധാനം ചെയ്ത മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രൊഡ്യൂസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.