24.9 C
Kottayam
Saturday, November 23, 2024

മോഹന്‍ലാല്‍ കാരണമാണ് അമ്മ നിലനില്‍ക്കുന്നത്; ഫഹദ് സ്വാർത്ഥൻ, ഇടവേള ബാബു വെറും കണക്കപ്പിള്ള, ആഞ്ഞടിച്ച് അനൂപ് ചന്ദ്രന്‍

Must read

കൊച്ചി:മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭരണ സമിതിയിലേക്ക് ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. അധ്യക്ഷനായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരം നടന്നു. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരെ പരാജയപ്പെടുത്തി സിദ്ധീഖ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചപ്പോള്‍ ജഗദീഷും ജയന്‍ ചേർത്തലയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചത്. നടി മഞ്ജു പിള്ള പരാജയപ്പെട്ടു.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും അനൂപ് ചന്ദ്രനും തമ്മിലായിരുന്നു മത്സരം. മത്സരത്തില്‍ ബാബുരാജ് വിജയിക്കുകയും ചെയ്തു. ജനാധിപത്യ പ്രക്രിയയിലൂടെ ആളുകള്‍ ഭാരവാഹിത്വത്തിലേക്ക് വരട്ടെ എന്നുള്ളതുകൊണ്ട് മാത്രമാണ് സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നാണ് അനൂപ് ചന്ദ്രന്‍ വ്യക്തമാക്കുന്നത്.

മത്സരത്തിലൂടെ താന്‍ ഉദ്ദേശിച്ചത് എന്താണോ അതില്‍ പൂർണ്ണമായി വിജയിച്ചിട്ടുണ്ടെന്നും പറയുന്ന അനൂപ് ചന്ദ്രൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളിലും പ്രതികരിക്കുന്നു. ഫഹദ് ഫാസില്‍, ഇടവേള ബാബു എന്നിവർക്കെതിരായി ചില വിമർശനങ്ങളും അദ്ദേഹം ഉയർത്തി.

ജനാധിപത്യ സംസ്കാരം എല്ലായിടത്തും വരണം എന്നുള്ളതുകൊണ്ട് മാത്രമാണ് അമ്മയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ഒരു സ്ഥലത്തും ആരും ഏകപക്ഷീയമായി വിജയിച്ച് പോകുന്നത് ശരിയായ നടപടിയില്ല. ജനാധിപത്യ പ്രകിയയിലൂടെ ആളുകള്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ മാത്രമാണ് പരസ്പര ബഹുമാനം വർധിക്കുക. ഏകപക്ഷീയമായിട്ടാണ് നയിക്കേണ്ടവർ തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ അവർക്ക് മറ്റുള്ളവരെ ശ്രദ്ധിക്കേണ്ട ആവശ്യം വരില്ല. അതുണ്ടാവരുത് എന്നുള്ളതുകൊണ്ടാണ് മത്സരിച്ചത്.

അമ്മ എന്ന് പറയുന്നത് ഒരു ചാരിറ്റി സംഘടനയാണ്. മറ്റൊരാളെ ശ്രദ്ധിക്കാതിരിക്കുകയും ബഹുമാനിക്കാതിരിക്കുകയും ചെയ്താല്‍ ചാരിറ്റി സംഘടന എന്നതിന് എന്താണ് അർത്ഥമുള്ളത്. മത്സരം വരുമ്പോള്‍ ആളുകള്‍ പരസ്പരം ബന്ധപ്പെടും. ‘ചേട്ടാ.. എനിക്കൊരു വോട്ട് ചെയ്യണേ.. ജയിച്ചാല്‍ ഞാന്‍ ഇന്ന കാര്യങ്ങളൊക്കെ ചെയ്തോളാമേ..’ എന്ന് പറഞ്ഞ് പ്രവർത്തിക്കുമ്പോള്‍ സ്വാഭാവികമായും പരസ്പര ബഹുമാനം വരും. അത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തവണ മത്സരിച്ചവരെല്ലാം തന്നെ അംഗങ്ങളായ മുഴുവന്‍ ആളുകളേയും വിളിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. അതില്‍ എനിക്കും സന്തോഷം. വിമതനായിട്ടൊന്നും അല്ല എന്റെ മത്സരം. ആ വാക്ക് ഇവിടെ ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. കാര്യങ്ങള്‍ ഏകപക്ഷീയമായി പോകുന്നതില്‍ എതിർപ്പുണ്ടെന്ന കാര്യം അവരെ അറിയിക്കാനുള്ള ഒരു ബാധ്യത എനിക്കുണ്ട്.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എനിക്ക് 136 വോട്ടാണ് ലഭിച്ചത്. വിജയിച്ച ബാബുരാജിന് 192 വോട്ടും. ഏകദേശം അറുപത് വോട്ടുകള്‍ക്കാണ് ഞാന്‍ തോറ്റത്. കോവിഡ് സമയത്തൊക്കെ നല്ല രീതിയില്‍ സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് ബാബുരാജ്. അത്തരത്തില്‍ പ്രവർത്തിക്കുന്ന അദ്ദേഹത്തിന് അതിന്റേതായ ചില യോഗ്യതകളുണ്ട്. അതോടൊപ്പം തന്നെ കോവിഡ് സമയത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും നന്ദിയോടെ ഓർക്കപ്പെടേണ്ടത് അല്ലേ. അതുകൊണ്ട് ഞാന്‍ തോറ്റു. 340 വോട്ട് മാത്രം പോള്‍ ചെയ്ത ഒരു തിരഞ്ഞെടുപ്പില്‍ 136 വോട്ട് കിട്ടുക എന്ന് പറയുന്നത് നിസ്സാര കാര്യമല്ല.

നമ്മുടേത് ഒരു ചാരിറ്റി സംഘടനയുടെ ബൈലോയാണ്. ആ ബൈലോക്ക് അകത്ത് ഭരണസമിതിയില്‍ 4 വനിതാ പ്രതിനിധികള്‍ വേണമെന്ന് കൃത്യമായി പറയുന്നുണ്ട്. രണ്ട് സ്ത്രീകള്‍ പ്രധാനപ്പെട്ട ഭാരവാഹി പദവികളിലേക്കും മൂന്ന് പേർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും മത്സരിച്ചിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരനോ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജു പിള്ളയോ വിജയിച്ചിരുന്നുവെങ്കില്‍ എക്സിക്യൂട്ടീവില്‍ രണ്ട് വനിതകള്‍ മാത്രം മതിയാകുമായിരുന്നു.

നിർഭാഗ്യവശാല്‍ കുക്കു പരമേശ്വരനും മഞ്ജു പിള്ളയും തോറ്റു പോയി. അപ്പോള്‍ സ്വാഭാവികമായും എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് മത്സരിച്ച മൂന്ന് സ്ത്രീകളും ഓട്ടോമാറ്റിക്കലി തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞു. ഇതാണ് നമ്മുടെ ബൈലോ. അത് മനസ്സിലാക്കിയിട്ട് വേണമായിരുന്നു മത്സരിക്കാന്‍. വരണാധികാരിയ നിന്ന ആ “കിഴങ്ങന്‍ വക്കീല്‍” ഒറ്റ ഒരുത്തനാണ് ആ പ്രശ്നം ഉണ്ടാക്കിയത്.

പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞ് മുഴുവന്‍ ആളുകളേയും വിളിച്ച് സംവരണവുമായി ബന്ധപ്പെട്ട കാര്യം സംസാരിച്ചു. അതായത് നാല് സ്ത്രീകളില്‍ എല്ലാവരും വിജയിച്ചാല്‍ കമ്മിറ്റിയിലേക്ക് വരുമെന്ന്. പക്ഷെ ആദ്യത്തെ രണ്ടുപേർ പരാജയപ്പെട്ടു. ആ സാഹചര്യത്തില്‍ എക്സിക്യൂട്ടീവിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ ഫലം മാറ്റി നിർത്തി പുരുഷന്മാരുടെ ഫലം മാത്രം പുറത്ത് വിട്ടാല്‍ മതിയായിരുന്നു. അങ്ങനെ വരുമ്പോഴും രമേഷ് പിഷാരടിയും റോണിയും ഓള്‍ റെഡി പരാജയപ്പെട്ട് കഴിഞ്ഞു. ബൈലോ വായിക്കാത്ത ആ വക്കീല്‍ എല്ലാ ഫലവും പുറത്ത് വിട്ടതോടെയാണ് ഈ പ്രശ്നമൊക്കെ ഉണ്ടായത്.

നാല് സ്ത്രീകള്‍ക്ക് സംഘടന ഭരണ സമിതിയില്‍ സംവരണമുണ്ട്. ഇത്തവണ മത്സര രംഗത്തേക്ക് വന്ന സ്ത്രീകളില്‍ വളന്റിയർ വർക്കിലേക്ക് ഇറങ്ങി വന്നവർ കുക്കു പരമേശ്വരനും സരയുവും മാത്രമാണ്. ബാക്കിയുള്ളവരെയൊക്കെ കെട്ടിവലിച്ചുകൊണ്ടുവന്ന് നിർത്തിയതാണ്. അതായത് എണ്ണം തികയ്ക്കാന്‍ വേണ്ടി നിർത്തിയത്. അവരാരും ഒരു കമ്മറ്റിക്കും വരില്ല. ജയിച്ച് പോയിട്ട് കാര്യമില്ല, പ്രവർത്തിക്കണം.

പുറത്ത് നിന്ന് നോക്കുന്നവർക്ക് മാത്രമാണ് ഇത് ഒരു താരസംഘടന. ഞങ്ങള്‍ക്ക് ഇതൊരു ചാരിറ്റി സംഘടനയാണ്. അതായത് പത്ത് കോടി ശമ്പളം വാങ്ങിക്കുന്നവനും 5000 രൂപയുടെ പെന്‍ഷന്‍ കിട്ടിയിട്ട് പണം തരാമെന്ന് പറ്റ് കടയില്‍ പറയുന്നവനും ഒരുമിച്ച് ഇരിക്കുന്ന സംഘടനയുടെ പേരാണ് അമ്മ.

പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ ലാലേട്ടന്‍ ഇല്ലെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ നോമിനേഷന്‍ കൊടുത്തിരുന്നു. പ്രസിഡന്റ് എന്നല്ല എല്ലാം സ്ഥാനത്തേക്കും ഞാന്‍ നോമിനേഷന്‍ കൊടുത്തിരുന്നു. ലാലേട്ടന്‍ വരുന്നുണ്ടെന്ന് അറിഞ്ഞതോടെ അത്യാഹ്ളാദത്തോടെ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക ഞാനും മറ്റുള്ളവരും പിന്‍വലിച്ചു. ലാലേട്ടനല്ലെങ്കില്‍ പകരം വരുന്ന ആള്‍ മത്സരത്തിലൂടെ വരണം എന്നുള്ളതുകൊണ്ടാണ് പത്രിക നല്‍കിയത്.

അമ്മ എന്ന് പറയുന്ന ഒരു അസോസിയേഷന്‍ ഇന്ന് ഇങ്ങനെ നടന്ന് പോകുന്നുണ്ടെങ്കില്‍ അത് ലാലേട്ടന്‍ എന്ന ഒറ്റ ഒരാളുടെ കരുണയും സ്നേഹവും കൊണ്ടാണ്. സ്വന്തം കയ്യില്‍ നിന്നും കാശ് മുടക്കി, ഗുജറാത്തില്‍ നിന്നും ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററില്‍ ഇവിടെ യോഗത്തില്‍ വന്ന് പോയിട്ടുണ്ടെങ്കില്‍ അത് ആ മനുഷ്യന്റെ ആത്മാർത്ഥത കൊണ്ട് മാത്രമാണ്. അങ്ങനെയുള്ള ഒരാള്‍ക്കെതിരെയൊക്കെ ആരെങ്കിലും മത്സരിക്കുമോ. അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ക്കെതിരെ മത്സരിക്കാതിരിക്കുക, അദ്ദേഹത്തെ പരാജയപ്പെടുത്താതിരിക്കുക എന്നുള്ളതൊക്കെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്.

‘അമ്മയെന്നാല്‍ ഇടവേള ബാബു’ എന്നാണ് ഇടവേള ബാബു വിചാരിച്ചിരുന്നത്. ഇടവേള ബാബുവിന് കൃത്യമായി ശമ്പളം കിട്ടുന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം സുഭിക്ഷമായി ജീവിക്കുകയും ചെയ്തു. അയാള്‍ അമ്മയെന്നും പറഞ്ഞ് നടന്നതിന്റെ ബുദ്ധിമുട്ട് തീർന്നു. ഇടവേള ബാബു ഇല്ലെങ്കിലും സംഘടന മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്ന് വരാന്‍ പോകുന്ന കമ്മിറ്റി കാണിച്ച് തരും.

ഇരുപത്തിയഞ്ച് വർഷത്തോളം അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് ഇടവേള ബാബു. എന്നാല്‍ സംഘടനയുടെ നിയമാവലിയുമായിട്ടോ കമ്മിറ്റിയുമായി ബന്ധപ്പെട്ടോ എന്തെങ്കിലും ചോദിച്ചാല്‍ ഒരു ചുക്കും അദ്ദേഹത്തിന് അറിയാന്‍ പാടില്ല. കാര്യം ചോദിക്കുമ്പോള്‍ പിന്നെ എപ്പോഴെങ്കിലും പറയാം, പഠിച്ചിട്ട് പറയാം എന്നാണ് പറയുന്നത്. അഞ്ഞൂറ് അംഗങ്ങള്‍ മാത്രമുള്ള ഒരു സംഘടനയുടെ നിയമം പോലും അറിയില്ലെങ്കില്‍ 25 വർഷമായി ആ കസേരയില്‍ ഇരുന്നത് എന്തിനാണ്.

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും തൂക്കിവിറ്റ പേപ്പർ സെക്കന്‍ഡ് ഹാന്‍ഡ് വാങ്ങിച്ച്, അതിന്റെ പുറത്ത് അമ്മയുടെ ബൈലോയുടെ ഫോട്ടോ കോപ്പി എടുത്ത് തന്ന ജനറല്‍ സെക്രട്ടറിയാണ് ഇടവേള ബാബു. ആ പേപ്പർ ഇപ്പോഴും എന്റെ പക്കലുണ്ട്. ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ നിയമാവലിയുമായി ബന്ധപ്പെട്ടോ ഒരു തരത്തിലുമുള്ള ഉറച്ച നിലപാടുകളും അദ്ദേഹം പറഞ്ഞിട്ടില്ല. ഇന്നസെന്റ് എന്ന് പറയുന്ന ഒരു മഹാമനുഷ്യന്‍ ഉള്ളതുകൊണ്ട് മാത്രം സംഘടന മുന്നോട്ട് പോയി. ഇടവേള ബാബു എന്ന് പറയുന്നത് വെറും ഒരു കണക്കപ്പിള്ള മാത്രമാണ്.

എന്ത് മര്യാദകേടാണ് ഇപ്രാവശ്യം കാണിച്ചത്. അമ്മ അസോസിയേഷന്റെ സംഘടന മീറ്റിങ് മുഴുവന്‍ ലൈവ് കൊടുത്തിരിക്കുകയായിരുന്നു. യോഗങ്ങളിലൊക്കെ മാധ്യമങ്ങളെ ആദ്യം ഒന്ന് വന്ന് ഫോട്ടോയും വീഡിയോയും എടുക്കാന്‍ അനുവദിച്ചിട്ട് ഒഴിവാക്കും. സമ്മേളന നടപടി ആരംഭിച്ചാല്‍ ഏതെങ്കിലും ഒരുത്തന് വീഡിയോ എടുക്കാന്‍ സാധിക്കുമോ? നമ്മള്‍ കൊടുക്കുന്ന ദൃശ്യങ്ങള്‍ മാത്രമേ പിന്നെ പുറത്ത് പോവൂ. എന്നാല്‍ ഇത്തവണ ഇടവേള ബാബു തന്റെ ഏറ്റവും അടുത്ത സുഹൃത്തിന് മുഴുവന്‍ ലൈവ് കൊടുത്തിരിക്കുകയായിരുന്നു. ഇരുപത് ലക്ഷം രൂപ അമ്മയ്ക്ക് കൊടുത്തെന്നാണ് പറയുന്നത്. എന്നുവെച്ച് എല്ലാം ഇങ്ങനെ അവർ മാത്രം ഒപ്പിക്കൊണ്ടുപോകുന്നത് മര്യാദകെട്ട പരിപാടിയാണ്. അഞ്ഞൂറിലേപ്പേരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായിരുന്നില്ലേ അത്.

പുതിയ കമ്മിറ്റിയിലെ എല്ലാവരും തന്നെ മിടുക്കന്മാരാണ്. ശ്രീമാന്‍ സിദ്ധീഖിനോടൊക്കെ പറയാനുള്ളത് കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ തരത്തിലും നല്ലൊരു കമ്മിറ്റിയുണ്ട്. വളന്റിയർ വർക്ക് ചെയ്യാന്‍ വന്ന വിനു മോഹന്‍, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ചേർത്തല ജയന്‍, ടിനി ടോം തുടങ്ങിയവരൊക്കെയുണ്ട്. എല്ലാവരും തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംഘടനയ്ക്ക് വേണ്ടി ശ്രേഷ്ഠമായ പ്രവർത്തികള്‍ ചെയ്ത ആളുകളാണ്.

ചേർത്തല ജയന്‍ എന്ന് പറയുന്നത് അടിസ്ഥാനപരമായി തന്നെ ധാരണയുള്ള മനുഷ്യമാണ്. വായനയും പഠനവും നല്ല ഭാഷയും സംസ്കാരവുമൊക്കെയുള്ള വ്യക്തിയാണ്. പൊതുസമൂഹമായിട്ടും നല്ല ബന്ധമുണ്ട്. അമ്മ അസോസിയേഷന്‍ കമ്യൂണിസ്റ്റുകള്‍ പിടിക്കാന്‍ വന്നിട്ടുണ്ടെന്ന രീതിയില്‍ ഒരു പ്രചരണം നേരത്തെയുണ്ടായിരുന്നു. പണ്ട് ഞാന്‍ എസ് എഫ് ഐ രംഗത്തൊക്കെ ഉണ്ടായിരുന്നുയാളാണ്. അതുകൊണ്ടായിരുന്നിരിക്കാം അത്തരമൊരു പ്രചരണം. എന്നാല്‍ എനിക്കൊരു പാർട്ടിയിലും അംഗത്വമോ സംഘടനാപരമായ അടുപ്പമോ ഇപ്പോഴില്ല.

ഇടതുപക്ഷ ബോധമുള്ള വ്യക്തിയാണ് ഞാന്‍. ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ്. സിദ്ധീഖ് ഇക്ക ഉഗ്രന്‍ കോണ്‍ഗ്രസുകാരനാണ്. അദ്ദേഹം ചിലപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സാധ്യതയുണ്ട്. സുരേഷ് ഗോപിചേട്ടന്‍ ബിജെപിക്കാരനാണ്. ഗണേഷ് കുമാർ കേരള കോണ്‍ഗ്രസുകാരനാണ്. എല്ലാ പാർട്ടിക്കാരും ഇതിന് അകത്തുണ്ട്.അവരുടെ കഴിവുകളൊക്കെ ഇവിടെ ഗുണപരമായി മാറ്റുകയാണ് വേണ്ടത്. താഴേക്ക് വീണുപോയവരെ ചേർത്ത് നിർത്താന്‍ എതൊക്കെ അധികാരം ഉപയോഗിക്കാമോ അതൊക്കെ ഉപയോഗിക്കുക എന്നുള്ളതാണ് മാഹാത്മ്യം. അല്ലാതെ അമ്മയുടെ യോഗത്തിലേക്കൊക്കെ ആരെങ്കിലും ചെങ്കൊടിയുമായി വരുമാ.

യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റേയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന വ്യക്തിയാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം.

ഒരുമിച്ച് നടന്ന് പോകുന്നവർ,കാലിടറി വീഴുമ്പോള്‍ അവരെ ചേർത്ത് നിർത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്. ചെറുപ്പക്കാർ പൊതുവെ സെല്‍ഫിഷായി പോകുകയാണ്. അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്. ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റാണ്.

എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാല്‍ പൃഥ്വിരാജിന് എത്താന്‍ സാധിച്ചില്ല. കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു. എല്ലാ തരത്തിലും അമ്മ അസോസിയേഷനുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനത്തിലും സഹകരിക്കുന്ന മനുഷ്യനാണ് കുഞ്ചാക്കോ ബോബന്‍. നിങ്ങളുടെ ഒരു പടത്തിലേക്ക് അസോസിയേഷനിലെ ഇന്ന ഇന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കണം എന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹം തയ്യാറാകാറുണ്ട്. ഞാന്‍ ഇത്രയും കാലം പങ്കെടുത്തതില്‍ ഏറ്റവും മികച്ച കണക്ക് അവതരിപ്പിച്ച ട്രഷറാണ് കുഞ്ചാക്കോ ബോബന്‍.

പൃഥ്വിരാജിനെപ്പോലുള്ളവർ കുറച്ച് സമയം ഇതിന് വേണ്ടി മാറ്റിവെച്ച് നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകും. അതുവഴി അവർക്ക് കൂടെ ഈ സംഘടന ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ചാരിറ്റി എന്ന് പറയുന്നത് അങ്ങനെ എല്ലാവർക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നായ കുറുകെ ചാടിയ ബൈക്കിന് നിയന്ത്രണം വിട്ടു, ടിപ്പർ ഇടിച്ച് യുവതി മരിച്ചു

കൊല്ലം: പാരിപ്പള്ളിയില്‍ വാഹനത്തിന് കുറുകെ നായ ചാടിയുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വിനീത (42) ആണ് മരണപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ വിനീതയും ഭര്‍ത്താവ് ജയകുമാറും സ്‌കൂട്ടറില്‍ തിരുവന്തപുരത്തേയ്ക്ക് ജോലിക്ക് പോകവെ കൊച്ചുപാരിപ്പള്ളിയ്ക്ക് സമീപം പോലീസ്...

പാലക്കാട്ടെ കോൺഗ്രസ് ജയം വർഗീയതയുടെ പിന്തുണയോടെ- എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ സര്‍ക്കാരിന്റെ വിലയിരുത്തലായി കണക്കാക്കാന്‍ സാധിക്കില്ല. പാലക്കാട് സിപിഎമ്മിന്റെ...

കാശിനായി അഡ്ജസ്റ്റ് ചെയ്തിട്ടില്ല; സ്വാസിക എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ; വിവാദപരാമർശവുമായി ആലുവയിലെ നടി

കൊച്ചി: നടി സ്വാസികയ്‌ക്കെതിരെ വിവാദപരാമർശവുമായി മുകേഷ് ഉൾപ്പെടെയുള്ള പ്രമുഖ നടൻമാർക്കെതിരെ പീഡനക്കേസ് നൽകിയ നടി.സ്വാസിക എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ എന്ന രീതിയിലായിരുന്നു പരാമർശം. ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ...

'തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി' ; വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്‍റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക...

ഡിഎംകെയ്ക്ക് കിട്ടിയത് നാലായിരത്തിൽ താഴെ! ചേലക്കരയിൽ നനഞ്ഞ പടക്കമായി അൻവറിൻ്റെ സ്ഥാനാർത്ഥി

ചേലക്കര:ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ എംഎൽഎയുടെ  ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) ‘ഡിമ്മായി’. തിരഞ്ഞെടുപ്പിൽ പാർട്ടി ‘ക്ലച്ചു പിടിച്ചില്ല’. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിച്ച എൻ.കെ.സുധീറിന് തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞില്ല. 3920 വോട്ടുകളാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.