കള്ളപ്പണം വെളുപ്പിക്കൽ സ്റ്റാർ എന്ന ആക്ഷേപം, പ്രൊമോഷനിൽ പൊട്ടിത്തെറിച്ച് ധ്യാൻ ശ്രീനിവാസൻ

കൊച്ചി: യുവനടനായ ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ യൂട്യൂബറുമായി വാക്കുതര്‍ക്കം. നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് എന്നായിരുന്നു യൂട്യൂബറുടെ പരാമര്‍ശം. ആദ്യം സരസമായി പ്രതികരിച്ച ധ്യാന്‍ പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ള നടന്‍മാര്‍ ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍ എന്നാണ് ധ്യാനിനെക്കുറിച്ച് യുട്യൂബില്‍ വരുന്ന കമന്റുകള്‍ എന്നും, സിനിമയെ സീരിയസ് ആയിട്ട് കാണണമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. എന്നാല്‍, ‘ഞാന്‍ സിനിമയെ എങ്ങനെയാണ് കാണേണ്ടതെന്ന് നീ ആണോ എനിക്ക് പഠിപ്പിച്ച് തരേണ്ടത്’ എന്നായിരുന്നു ധ്യാന്‍ തിരിച്ച് ചോദിച്ചത്. യൂട്യൂബര്‍ സ്വന്തം ജോലിയെ വളരെ സീരിയസ് ആയിട്ടല്ലേ കാണുന്നതെന്നും അതേ സീരിയസ്‌നെസോടെയാണ് താന്‍ സിനിമയില്‍ അഭിനയിക്കുന്നതെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
”വളരെ പേഴ്‌സണലായിട്ടുള്ള ചോദ്യമാണ് നീ ചോദിച്ചത്. അത് നിനക്ക് ഈ പടത്തിന്റെ പ്രെമോഷന്‍ പാരിപാടിയില്‍, ഇത്രയും ആളുകള്‍ ഇരിക്കുമ്പോള്‍ ചോദിക്കണമായിരുന്നോ? യുട്യൂബിന്റെ താഴെ വരുന്ന കമന്റ് കണ്ടാണോ നീ ഓരോന്ന് ചോദിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് ചോദിച്ചത്. യുട്യൂബിന്റെ താഴെ വരുന്ന കമന്റ് അല്ലാതെ സിനിമയെ കുറിച്ച് നിനക്ക് വേറെ എന്തെങ്കിലും അറിയാമോ? ഇല്ലെങ്കില്‍ മിണ്ടരുത്”- ധ്യാന്‍ പറഞ്ഞു.
”എന്തുകൊണ്ടാണ് എനിക്ക് ഇത്ര സിനിമയെന്ന് ചോദിച്ചില്ലേ, അത് ആളുകളെ വെറുപ്പിക്കാത്തത് കൊണ്ടാണ്. ഇവിടെ ഹിറ്റ് സിനിമ ചെയ്യുകയല്ല വേണ്ടത്. അച്ചടക്കം, മര്യാദ, എവിടെ എന്ത് സംസാരിക്കണം എന്ന തിരിച്ചറിവ്, വെറുപ്പിക്കാതിരിക്കുക എന്നിവയാണ്. നീ ഇത്രയും സമയമായിട്ട് ചെയ്ത് കൊണ്ടിരിക്കുന്നത് വെറുപ്പിക്കലാണ്. എന്നെയും അവിടെ ഇരിക്കുന്ന മുഴുവന്‍ ആളുകളെയും വെറുപ്പിച്ചില്ലേ”- ധ്യാന്‍ ചോദിച്ചു.