മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ മുന്നൂറ് അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. 23കാരി ഡ്രൈവിംഗ് അറിയാത്ത യുവതിക്ക് സംഭവിച്ച അബദ്ധമാണ് മരണത്തിന് കാരണമായിരിക്കുന്നത്. യുവതി റിവേഴ്‌സ് ഗിയറിലിട്ട കാറില്‍ ആക്‌സിലേറ്റര്‍ അമര്‍ത്തി ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
തൊട്ടുപിന്നിലുണ്ടായിരുന്ന മുന്നൂറ് അടി താഴ്ച്ചയുള്ള താഴ്‌വരയിലേക്കാണ് കാര്‍ മറിഞ്ഞത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. അതേസമയം അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഛത്രപതി സമ്പാജിനഗറിലാണ് അപകടമുണ്ടായത്.
വീഡിയോയില്‍ യുവതിയുടെ സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ റീല്‍ എടുക്കുന്നത് കാണാം. ശ്വേത സുര്‍വാസെ എന്നാണ് മരിച്ച യുവതിയുടെ പേര്. ഇവര്‍ ആദ്യമായിട്ടാണ് ഒരു കാര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതിന്റെ വീഡിയോയാണ് സുഹൃത്താണ് ശിവരാജ് മുലെ ചിത്രീകരിച്ചിരുന്നത്.
വെളുത്ത നിറത്തിലുള്ള സെഡാനാണ് യുവതി ഓടിക്കാന്‍ ശ്രമിച്ചത്. പതിയെ പിന്നോട്ട് പോകുന്ന പിന്നീട് അതിവേഗം പോയി മൂന്നൂറ് അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. സുഹൃത്ത് വീഡിയോയില്‍ അലറി വിളിക്കുന്നതും കാണാം. അതേസമയം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
വീഡിയോയില്‍ ശ്വേത കാറിന്റെ സ്റ്റിയറിംഗ് തിരിക്കുകയും, എന്നാല്‍ റിവേഴ്‌സ് മോഡിലുള്ള കാര്‍ പിന്നോട്ട് പോവുകയുമായിരുന്നു. ആക്‌സിലേറ്റര്‍ അമര്‍ത്തി പോയതിനാല്‍ കാറിന് വേഗം കൂടുകയായിരുന്നു. അതിവേഗത്തില്‍ കാര്‍ പിന്നോട്ട് പോയി മറിയാന്‍ കാരണമായത് ഇതാണ്.
ഇവിടെയുള്ള ക്രാഷ് ബാരിയറും തകര്‍ത്താണ് കാര്‍ 300 അടി താഴ്ച്ചയിലേക്ക് വീണതെന്ന് പോലീസ് പറഞ്ഞു. ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് യുവതിക്ക് അടുത്തെത്താനായത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി മരിച്ചുവെന്നും പോലീസ് വ്യക്തമാക്കി. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.