മുംബൈ:ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുമേഖലാ ബാങ്കിങ് രംഗത്തെ അതികായൻ. രാജ്യത്തെമ്പാടും ശാഖകളുണ്ടെന്ന് മാത്രമല്ല, ഇന്ത്യക്കാരായ ഭൂരിഭാഗം പേരുടെയും അക്കൗണ്ട് ഈ ബാങ്കിലാണ് താനും. ഇടപാടുകളൊക്കെ തടസമേതുമില്ലാതെ ജൂൺ 30 ന് ശേഷവും നടക്കുമെന്ന് ഉറപ്പാക്കാൻ ഒരു നിബന്ധന പാലിച്ചിരിക്കണമെന്നാണ് ബാങ്ക് ഏറ്റവും പുതിയ അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇടപാടുകള്‍ തുടർന്നും തടസം നേരിടാതിരിക്കാന്‍ പാന്‍ കാര്‍ഡ് നിർബന്ധമായും ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ജൂൺ 30 ആണ് ഇതിനുള്ള അവസാന തീയതി. ട്വിറ്ററിലെ ഔദ്യോഗിക ഹാന്റിൽ വഴിയാണ് ഇക്കാര്യം ബാങ്ക് അറിയിച്ചിരിക്കുന്നത്.
പല തവണ ആദായ നികുതി വകുപ്പ് മാറ്റി മാറ്റി തീയതി ദീർഘിപ്പിച്ച് കൊടുത്തിട്ടും കോടിക്കണക്കിന് ഇന്ത്യക്കാർ ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല. ഇത്തരക്കാരുടെ എണ്ണം ഏതാണ്ട് 17 കോടിയാണ്. ഇതുവരെ പത്ത് തവണ ആദായ നികുതി വകുപ്പ് ഇതിനുള്ള തീയതി ദീർഘിപ്പിച്ച് കൊടുത്തിട്ടും നടപടികൾ പൂർത്തിയാക്കാത്തവരാണ് ഇവർ. ഇവരെക്കൊണ്ട് എങ്ങിനെയും പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് കേന്ദ്രസർക്കാരും മുന്നോട്ട് പോകുന്നത്.
അതിനാൽ തന്നെ ജൂൺ 30 ന് ഉള്ളിൽ ഇരു കാർഡുകളും ബന്ധിപ്പിക്കാത്തവരെ കാത്ത് വലിയൊരു പണിയും കിടപ്പുണ്ട്. അത്തരക്കാരുടെ പാൻ കാർഡ് താത്കാലികമായി പ്രവർത്തന രഹിതമാകും എന്നതാണിത്. ഇത് വാഹനങ്ങളുടെ വിൽപ്പനയും വാങ്ങലും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഉപയോഗവും ഡിമാറ്റ് അക്കൗണ്ടിന്റെ പ്രവർത്തനവും അടക്കം 18 സാമ്പത്തിക ഇടപാടുകൾ തടസപ്പെടാൻ കാരണമായേക്കും. ആധാർ കാർഡുമായി ബന്ധിപ്പിച്ചാലേ പിന്നീട് പാൻ കാർഡ് പ്രവർത്തനക്ഷമമാകൂ. അതുകൊണ്ട് ഇനിയും ഇരു കാർഡുകളും തമ്മിൽ ബന്ധിപ്പിക്കാത്തവർ നിർബന്ധമായും ഇത് ചെയ്യണമെന്നാണ് ബാങ്ക് ആവശ്യപ്പെടുന്നത്.