‘ഒരുപാട് സർപ്രൈസ് എലമെന്റുകൾ, ഇത്തരം സിനിമകളിൽ അഭിനയിക്കാൻ സാധിക്കുന്നത് അപൂർവമായാണ് ‘; ‘മോൺസ്റ്ററി’നെ കുറിച്ച് മോഹൻലാൽ
കൊച്ചി:വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘മോൺസ്റ്ററിനെ കുറിച്ച് മോഹൻലാൽ. ഒരുപാട് സവിശേഷതകൾ ഉള്ള ചിത്രമാണ് മോൺസ്റ്റർ എന്നും മലയാളത്തിൽ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത് എന്നും മോഹൻലാൽ പറഞ്ഞു. സോഷ്യൽ മീഡിയിലൂടെയാണ് താരത്തിന്റെ പ്രതികരണം. എന്തുകൊണ്ടാണ് മോൺസ്റ്റർ പ്രത്യേകതയുള്ള ഒരു സിനിമയാകുന്നത് എന്ന ചോദ്യത്തിനായിരുന്നു മോഹൻലാലിന്റെ മറുപടി.
‘എന്നെ സംബന്ധിച്ചിടത്തോളം അല്ലങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ ഒരുപാട് സവിശേഷതകൾ ഉള്ള ചിത്രമാണ് മോൺസ്റ്റർ. ഒരുപാട് സർപ്രൈസ് എലമെന്റുകൾ ഉണ്ട്. എല്ലാ സിനിമകളിലുമുണ്ട്, പക്ഷെ ഇതിന്റെ പ്രമേയം തന്നെയാണ് പ്രത്യേകത. ഇതിന്റെ കഥ, തിരക്കഥ ഒക്കെ. ഒരുപക്ഷെ മലയാളത്തിൽ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത്.
തിരക്കഥ തന്നെയാണ് താരം. ഒരു ഹീറോ, വില്ലൻ എന്ന കോൺസപ്റ്റ് ഒക്കെ ഈ സിനിമയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ നായകനും വില്ലനും തിരക്കഥ തന്നെയാണ്. ആ സിനിമയെ കുറിച്ച് ഇത്രയുമാണ് പറയാൻ സാധിക്കുക. ഒരു അഭിനേതാവ് എന്ന നിലയിൽ ഇത്തരം സിനിമകളിൽ അഭിനയിക്കുക എന്ന് പറയുന്നത് വളരെ അപൂർവമാണ്. ഞാൻ അതിൽ വളരെയധികം ഹാപ്പിയാണ്.’
അതേസമയം, മോൺസ്റ്ററിന് ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തി. എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാലാണ് സിനിമയ്ക്ക് യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദര്‍ശനാനുമതി നിഷേധിച്ചുവെന്നാണ് റിപ്പോർട്ട്. അണിയറ പ്രവർത്തകർ ചില മാറ്റങ്ങളോടെ ചിത്രം വീണ്ടും സെൻസറിങ്ങിന് സമർപ്പിക്കാൻ ഒരുങ്ങുന്നതായും സൂചനകളുണ്ട്. ഈ നടപടികൾ പൂർത്തിയാകാത്ത പക്ഷം സിനിമയുടെ ഗൾഫ് റിലീസ് നീളുവാനും സാധ്യതകളുണ്ട്. ഒക്ടോബർ 21-ന് ദീപാവലി റിലീസായാണ് മോൺസ്റ്റർ എത്തുക.